കൊളച്ചേരിപ്പറമ്പിലെ കൊലപാതകം: മയ്യിൽ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ദിനേശൻ അറസ്റ്റിൽ
കൊളച്ചേരിപ്പറമ്പ: കൊളച്ചേരിപ്പറമ്പിലെ കൊലപാതകത്തിൽ മയ്യിൽ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ദിനേശൻ അറസ്റ്റിൽ. കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവന്റെ കൊലപാതകത്തിലാണ് ഇയാളെ മയ്യിൽ ഇൻസ്പെകടർ ടി.പി സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതിയായ ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെയാണ് ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്ത് ആയ സജീവന്റെ തലയ്ക്കടിക്കുകയായിരുന്നു. സജീവന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. നിയമപാലകന്റെ വീട്ടിൽ നടന്ന കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാർ. ഇന്നലെ വൈകീട്ട് ഏഴോടെയാണ് മയ്യിൽ എ.എസ്.ഐ ദിനേശന്റെ വീട്ടിൽ നടന്ന കൊലപാതക വാർത്ത പുറംലോകം അറിയുന്നത്. അതേസമയം, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി പരിശോധന നടത്തി.