ഭാര്യവീട്ടിൽ അതിക്രമം കാട്ടി വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
തളിപ്പറമ്പ്: ഭാര്യയുടെ വീട്ടിലെത്തി നിലത്ത് പാകിയ ടൈൽസും വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയും കുട്ടികളെ മുറിയിലിട്ട് പൂട്ടി പാചകവാതകം തുറന്നു വിട്ട് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പടപ്പേങ്ങാട്ടെ പട്ടുവംവളപ്പില്‍ മന്‍സൂര്‍ (40) ആണ് ഇന്നലെ രാവിലെ ഭാര്യ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കുട്ടികളെ മുറിയിലിട്ട് പൂട്ടി പാചകവാതകം തുറന്നു വിടുമെന്ന് ഭീഷണി മുഴക്കിയതോടെ വീട്ടുകാർ തളിപ്പറന്പ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസർ ടി. അജയന്റെ നേതൃത്വത്തിലെത്തിയ സംഘം പാചകവാതക സിലിണ്ടറുകൾ വീട്ടിൽനിന്നു മാറ്റുകയായിരുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് മൻസൂറിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.