Home KANNUR നവീകരണത്തിനൊരുങ്ങി പറശ്ശിനിക്കടവ് പാലം; പ്രവൃത്തി ഉദ്‌ഘാടനം ആഗസ്ത് 20ന്
KANNUR - August 19, 2023

നവീകരണത്തിനൊരുങ്ങി പറശ്ശിനിക്കടവ് പാലം; പ്രവൃത്തി ഉദ്‌ഘാടനം ആഗസ്ത് 20ന്

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലം നവീകരണത്തിനൊരുങ്ങുന്നു.81 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 20ന് നടക്കും.15വർഷങ്ങൾക്ക് ശേഷമാണ് പാലത്തിൻ്റെ റീ ടാറിങ്ങും അറ്റകുറ്റപണികളും നടക്കുന്നത്.

മയ്യിൽ പഞ്ചായത്തിനെയും ആന്തൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം 1997 ലാണ് ഉദ്‌ഘാടനം ചെയ്തത്.ഇതോടെ മയ്യിൽ ഭാഗങ്ങളിലേക്കുള്ള യാത്ര സൗകര്യം വർദ്ധിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് എത്തിച്ചേരാനും പാലം തുണയായി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തളിപ്പറമ്പ് ഭാഗത്തുനിന്നുള്ളവർക്ക് എളുപ്പം എത്തി ചേരാനുള്ള വഴി കൂടിയാണിത്.

അനുദിനം നിരവധി പേരാണ് ഇതു വഴി യാത്ര ചെയ്യുന്നത്. എന്നാൽ കാലം പാലത്തിനേൽപ്പിച്ച പരിക്കുകൾ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് എൽ ഡി എഫ് സർക്കാർ 40 ലക്ഷം രൂപ പാലം നവീകരണത്തിനായി നീക്കിവച്ചു. ടെണ്ടർ പോകാഞ്ഞതോടെ തുടർപരിശോധന നടത്തി പാലത്തിന്റെ ചില അറ്റകുറ്റപണികൾ കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തുക 81 ലക്ഷം രൂപ ആയി പുതുക്കി നിശ്ചയിച്ച് ടെണ്ടർ ചെയ്തു. റീടാറിങ് പ്രവൃത്തികളോടൊപ്പം പാലത്തിന്റെ സ്ലാബിൻ്റെ തകരാറുകൾ പരിഹരിക്കുക ,കൈവരി പുനർ നിർമ്മിക്കുക തുടങ്ങി പാലം ബലപ്പെടുത്താനാവശ്യമായ അറ്റകുറ്റ പണികൾ കൂടി നടത്തും.

പ്രവൃത്തി ഉദ്‌ഘാടനം ഓഗസ്റ്റ് 20ന് വൈകുന്നേരം 3മണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിക്കും.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനാകും. പാലം നവീകരണം നിത്യ യാത്രക്കാർക്ക് എന്ന പോലെ വിനോദസഞ്ചാര, തീർത്ഥാടന മേഖലയിലുള്ളവർക്കും ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും