ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടുപ്രതിക്കായി തെരച്ചിൽ ഊർജിതം
പെരിങ്ങോം: പ്രണയ പകയിൽ പാതിരാത്രിയിൽ കാമുകിയെ തേടിയെത്തി ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കൂട്ടുപ്രതി സിറ്റി തയ്യിൽ സ്വദേശി അമർനാഥിനു വേണ്ടി പെരിങ്ങോം പോലീസ് തെരച്ചിൽ ഊർജിതമാക്കി.അക്രമികൾ സംഭവസ്ഥലത്തെത്തിയ ബുള്ളറ്റ് വാഹനവും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുള്ളറ്റിൻ്റെ ഉടമസ്ഥനായ അമർനാഥ് വാഹനവുമായി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാൻ പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ പി.സുഭാഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. എൻ.പി.രാഘവനും സംഘവും അന്വേഷണം ഊർജിതമാക്കി.
മാത്തിൽ ചൂരലിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ചെങ്കൽ ലോഡിംങ്ങ് തൊഴിലാളി ഇരിക്കൂർ കല്യാട് സ്വദേശി എ.സി.രാജേഷിനെ (45) നെ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാജേഷിൻ്റെ ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായിരുന്ന മകളുമായി ഏറെക്കാലമായി കണ്ണൂർ സിറ്റി തയ്യിൽ സ്വദേശിയായ കെ. അക്ഷയ് (28) പ്രണയത്തിലായിരുന്നു.എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. പിന്നീട് യുവതിയെ കാസറഗോഡ് സ്വദേശിയെ കൊണ്ട് വിവാഹം ചെയ്ത് അയച്ച വിവരമറിഞ്ഞ അക്ഷയ് യുവതിയെ തേടി കൂട്ടുകാരനൊപ്പം ചൂരലിലെത്തിയാണ് അക്രമം നടത്തിയത്.സംഭവ ശേഷം ബുള്ളറ്റിൽ രക്ഷപ്പെട്ട അക്ഷയ് യെ പെരിങ്ങോം പോലീസ് വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് പട്രോളിംഗിനിടെ പുലർച്ചെ പിടികൂടിയിരുന്നു.കൂട്ടുപ്രതി വാഹനത്തിൽ രക്ഷപ്പെട്ടു.വധശ്രമ കേസിൽ അറസ്റ്റിലായ അക്ഷയ് റിമാൻ്റിൽ കഴിയുകയാണ്’. അക്രമികൾ ഉപയോഗിച്ച ആയുധം സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. അക്രമത്തിനിരയായ രാജേഷ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.