Home KERALA ’50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും; സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ഇന്ന്
KERALA - August 18, 2023

’50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും; സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ഇന്ന്

സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു ആദ്യവില്‍പ്പന നടത്തും. മന്ത്രി വി. ശിവന്‍കുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

സപ്ലൈകോ ഓണം ജില്ലാ ഫെയറുകളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയര്‍ ഈ മാസം 28 വരെയുണ്ടാകും. താലൂക്ക് ഫെയറുകള്‍ 23 മുതല്‍ 28 വരെയും, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ 23 മുതല്‍ 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയും മിനി ഫെയറുകള്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും