പ്രീപെയ്ഡ് ഓട്ടോ: യാത്രാക്കൂലി നിശ്ചയിക്കാൻ കമ്മിറ്റി
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം പുനരാരംഭിച്ച പ്രീപെയ്ഡ് കൗണ്ടറിൽനിന്നുള്ള യാത്രാക്കൂലി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉയർന്ന പരാതികൾ കമ്മിറ്റി പരിശോധിക്കും. ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും. വിഷയങ്ങൾ പഠിച്ച ശേഷം മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകും. അതിന് ശേഷം പ്രീപെയ്ഡ് ഓട്ടോ ചാർജും ചാർജ് ഈടാക്കാനുള്ള നഗരപരിധിയും നിശ്ചയിക്കുമെന്ന് എം എൽ എ അറിയിച്ചു.
ആർ ടി ഒ, കോർപറേഷൻ പ്രതിനിധി, വിവിധ ഓട്ടോതൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഏഴംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ആർ ടി ഒ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എസിപി ടി കെ രത്നകുമാർ, ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ, എംവിഐ കെ ബി ഷിജോ, എഎംവിഐമാരായ കെ പി ജോജു, നിതിൻ നാരായണൻ, ട്രാഫിക് എസ് ഐ മനോജ് കുമാർ, ട്രോമാകെയർ പ്രതിനിധി സി ബുഷാർ, വിവിധ ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.