പ്രണയ പക;കാമുകിയെ തേടിയെത്തിയ രണ്ടംഗ സംഘം ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു
പെരിങ്ങോം: പ്രണയ പക പാതിരാത്രിയിൽ കാമുകിയെ തേടിയെത്തിയ രണ്ടംഗ സംഘം ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.മാത്തിൽ ചൂരലിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചൂരലിൽ അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ചെങ്കൽ ലോഡിംങ്ങ് തൊഴിലാളി ഇരിക്കൂർ കല്യാട് സ്വദേശി എ.സി.രാജേഷിനെ (45)യാണ് രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.പുലർച്ചെ 1.30 മണിയോടെ വാതിൽ മുട്ടി വീട്ടുകാരെ വിളിച്ചുണർത്തിയ പ്രതികൾ വാക്തർക്കമാകുകയും വടിവാൾകൊണ്ട് വെട്ടാൻ ശ്രമിക്കുന്നതിനിടെ രാജേഷിൻ്റെ ഭാര്യ റീത്ത മുറിയിൽ കയറി വാതിലടച്ചതോടെ പ്രതികൾ രാജേഷിൻ്റെ തലക്കും ഇടത് കവിളിലും വടിവാൾകൊണ്ട് വെട്ടുകയായിരുന്നു.സംഭവ ശേഷം ഇരുവരും ഇരുളിൽ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾസാരമായി പരിക്കേറ്റ രാജേഷിനെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.രാജേഷിൻ്റെ ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായിരുന്ന മകളുമായി ഏറെക്കാലമായി കണ്ണൂർ സിറ്റി തയ്യിൽ സ്വദേശിയായ അക്ഷയ് (28) പ്രണയത്തിലായിരുന്നു.എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. യുവതിയെ കാസറഗോഡ് സ്വദേശിയെ കൊണ്ട് വിവാഹം ചെയ്ത് അയച്ച വിവരമറിഞ്ഞ അക്ഷയ് യുവതിയെ തേടി കൂട്ടുകാരനൊപ്പം ചൂരലിലെത്തിയാണ് അക്രമം നടത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം എസ്.ഐ. എൻ പി.രാഘവൻ്റെ നേതൃത്വത്തിൽ ആശുപത്രിയിൽ കഴിയുന്ന രാജേഷിൽ നിന്നും മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസെടുത്തു. പെരിങ്ങോം പോലീസ് വിവര മറിയിച്ചതിനെ തുടർന്ന് അക്രമത്തിന് ശേഷംരക്ഷപ്പെട്ട പ്രതികളിൽ ഒരാളായ അക്ഷയ് യെ സിറ്റി പോലീസ് ഇന്ന് പുലർച്ചെ പിടികൂടിയിരുന്നു പ്രതിയെ പെരിങ്ങോം പോലീസിന് കൈമാറിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ്പെരിങ്ങോം സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന കൂട്ടുപ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. അക്രമത്തിനുപയോഗിച്ച ആയുധം മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.