സജേഷിന്റെ മരണം: ലോറി കയറിത്തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ധർമശാല : കഴിഞ്ഞദിവസം ആന്തൂർ വ്യവസായ പ്ലോട്ടിൽ ലോറിക്കടിയിൽപ്പെട്ട് സജേഷ് മരിച്ചത് ലോറി കയറിയതുമൂലമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
പ്ലൈവുഡ് കയറ്റാൻ എത്തിയ ലോറിയുടെ അടിയിൽ കിടന്നുറങ്ങുകയായിരുന്നു സജീഷ്. ലോറിക്കടയിൽ യുവാവ് കിടന്നുറങ്ങുന്നത് അറിയാതെ ചരക്കുകയറ്റിയ ലോറി മുന്നോട്ടെടുക്കുന്നതിനിടയിൽ എന്തോ ശബ്ദം കേട്ടാണ് നിർത്തി ഡ്രൈവർ ലോറിയുടെ അടിവശം നോക്കിയത്. അപ്പോഴാണ് അപകടത്തിൽപ്പെട്ടയാളെ കണ്ടെത്തിയത്. തുടർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചുവർഷമായി ആന്തൂർ വ്യവസായ പ്ലോട്ടിലെ നാഷണൽ മെറ്റൽ ഇന്റസ്ട്രീസിലെ തൊഴിലാളിയാണ് സജേഷ്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ അജീഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അപകടമരണം തന്നെയാണെന്നാണ് പോലീസ് നിഗമനം. തൃശ്ശൂർ ചേർപ്പ് മുത്തുള്ളിയാൽ വെളുത്തേടത്ത് വീട്ടിൽ രാജന്റെയും രാജിയുടെയും മകനാണ് സജേഷ്. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിൽ കൊണ്ടുപോയിരുന്നു. ബുധനാഴ്ച രാവിലെ സംസ്കരിച്ചു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി ജോർജിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.