വളപട്ടണം പുഴയ്ക്ക് കുറുകെ ഭീമൻ പാലം: നിർമ്മാണം ദ്രുതഗതിയിൽ
പാപ്പിനിശ്ശേരി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി വേഗത്തിലായി. കണ്ണൂർ റീച്ചിൽ ഏറ്റവുംകൂടുതൽ ഫണ്ട് ചെലവഴിക്കുന്ന ഈ പാലത്തിന് ഒരു കിലോമീറ്ററോളം നീളംവരും.
ആദ്യം പുറത്തുവിട്ട വിശദ പഠനരേഖയിലെ പാലത്തിന്റെ രൂപരേഖയ്ക്ക് മാറ്റംവരുത്താനെടുത്ത കാലതാമസമാണ് ആദ്യഘട്ടത്തിൽ പാലം നിർമാണം വൈകിപ്പിച്ചത്.
പുതിയ പാലം നിർമിക്കുമ്പോൾ ഉൾനാടൻ ജലഗതാഗത വകുപ്പ് (ഇൻലാൻഡ് നാവിഗേഷൻ) നൽകിയ നിർദേശങ്ങൾ കണക്കിലെടുത്താണ് പുതിയ രൂപരേഖയ്ക്ക് അന്തിമാനുമതി ലഭിച്ചത്.
ഇതോടെ പാലത്തിന്റെ ഉയരവും തീളവും കൂടി. ആദ്യം നീക്കിവെച്ച 130 കോടിക്ക് പകരം 190 കോടിയുടെ പുതിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ പാലം പണി പുരോഗമിക്കുന്നത്.
പുതിയ രൂപരേഖ ലഭിച്ചതോടെ പുഴയിൽ 32 മീറ്ററോളം ആഴത്തിലാണ് പൈലിങ്ങ് നടക്കുന്നത്. ജൂലായ് മാസത്തെ ശക്തമായ മഴയിൽ കുറച്ചുദിവസം പ്രവൃത്തി നിലച്ചിരുന്നു.
പുതിയ പാലത്തിന്റെ മധ്യഭാഗത്തെ ഒരു സ്പാൻ 50 മീറ്ററായി നീട്ടുന്നതിനും ഏറ്റവും ഉയർന്ന വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാൻ നിലവിലുള്ള ഉയരത്തിൽനിന്ന് ആറുമീറ്റർ ഉയർത്താനുമാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായി മറ്റ് സ്പാനുകളുടെ ഉയരവും കൂടും.
