Home KANNUR അംഗനവാടികളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക;
വളപട്ടണം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിക്കുക -എസ്ഡിപിഐ
KANNUR - August 10, 2023

അംഗനവാടികളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക;
വളപട്ടണം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിക്കുക -എസ്ഡിപിഐ

വളപട്ടണം: കുരുന്നുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള 10, 13 വാര്‍ഡുകളിലെ അംഗന്‍വാടികളുടെ
ഫിറ്റ്‌നസ് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ വളപട്ടണം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കാണിച്ച അനാസ്ഥയില്‍ പ്രതിഷേധിക്കണമെന്നും എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ ഗുരുതര വീഴ്ചയ്ച കാരണം രണ്ട് അംഗനവാടികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതും പുതിയ കെട്ടിടം കണ്ടെത്താന്‍ തയ്യാറാകാത്തതും ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നത്. ഇതുവഴി രണ്ട് അംഗന്‍വാടികളാണ് നഷ്ടപ്പെടാന്‍ പോവുന്നത്.
13ാം വാര്‍ഡിലെ അംഗനവാടി ഒന്നാം വാര്‍ഡ് നിവാസികള്‍ക്കു കൂടിയുള്ളതാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് അംഗനവാടി വഴിയാണെന്നിരിക്കെ അവയെല്ലാം ഗ്രാമവാസികള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണണ്ടാവുക. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നാണ് അംഗനവാടികള്‍ അടച്ചുപൂട്ടാന്‍ കാരണമായി പറയുന്നത്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഈ രണ്ട് അംഗനവാടികള്‍ക്ക് മാത്രമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് എന്നാണ് അറിയുന്നത്. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്രയും നിരുത്തരവാദപരമായാണ് പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് മെമ്പര്‍മാരും പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യക്തമാവുന്നത്. ഒന്നാം വാര്‍ഡിലെയും പതിമൂന്നാം വാര്‍ഡിലെയും കുട്ടികള്‍ക്കു വേണ്ടി പുതിയ അംഗനവാടി നിര്‍മിക്കാന്‍ സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ടും കെട്ടിടം പണിയാന്‍ ഇതുവരെ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ നല്ല നിലയില്‍, ആവശ്യമുള്ള സമയത്ത് അറ്റകുറ്റപ്പണികള്‍ ചെയ്ത് നിലനിര്‍ത്താനോ പുതിയ സ്ഥാപനങ്ങള്‍ നിര്‍മിക്കാനോ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ല. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട്, നമ്മുടെ കുഞ്ഞു മക്കള്‍ക്ക് വേണ്ടി എല്ലാ സൗകര്യത്തോടെയും അംഗന്‍വാടി നിലനിര്‍ത്തണം. അല്ലാത്തപക്ഷം ജനങ്ങളെയും കുട്ടികളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് അക്ബര്‍, സെക്രട്ടറി ഫിറോസ് മില്‍റോഡ് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും