കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോ സ്വർണം പിടിച്ചു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രികരിൽനിന്നായി ഒന്നേകാൽ കിലോഗ്രാമോളം സ്വർണം പിടികൂടി. കസ്റ്റംസിന്റെയും പോലീസിന്റെയും പരിശോധയിലാണ് സ്വർണം പിടികൂടിയത്.
ദുബായിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ തലശേരി സ്വദേശി ഷംസീർ, ദുബായിയിൽനിന്നു തന്നെ എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കാസർഗോഡ് പുത്തൂർ സ്വദേശി അഹമ്മദ് അലി (26) എന്നിവരാണ് പിടിയിലായത്. ഷംസീർ അടിവസ്ത്രത്തിൽ പെയിന്റ് രൂപത്തിൽ തേച്ച് പിടിപ്പിച്ച് സ്വർണം കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയിൽ പിടിയിലായ ഇയാളിൽനിന്ന് 554.18 ഗ്രാം സ്വർണം പിടികൂടി.
അഹമ്മദ് അലി കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പാസഞ്ചർ ടെർമിനിലെത്തി വാഹനത്തിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടെ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്നു ശരീരത്തിൽ നാല് കാപ്സ്യൂളിനകത്ത് മിശ്രിതരൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 782.9 ഗ്രാം തൂക്കം വരും. കസ്റ്റംസ് പരിശോധനയിൽ സൂപ്രണ്ടുമാരായ ബിന്ദു, അജിത്, ഇൻസ്പെക്ടർമാരായ അശ്വിന, നിശാന്ത്, പങ്കജ്, നിഖിൽ, ഹവിൽദാർ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പോലീസ് പിടിച്ചെടുത്ത സ്വർണവും പ്രതിയെയും എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിലും പരിസരത്തും ശക്തമായ പോലീസ് നിരീക്ഷണമാണ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽനിന്നു രണ്ടു കോടിയോളം രൂപ വരുന്ന സ്വർണം പോലീസ് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും സ്വർണം പിടികൂടിയത്.