Home KANNUR സിദ്ദിഖ് ഇനി ചിരിഓർമ; ചിരിയുടെ ഗോഡ്ഫാദറിന് കണ്ണീരോടെ വിട
KANNUR - August 9, 2023

സിദ്ദിഖ് ഇനി ചിരിഓർമ; ചിരിയുടെ ഗോഡ്ഫാദറിന് കണ്ണീരോടെ വിട

ഹാസ്യസിനിമകൾക്ക് വേറിട്ട ശൈലി നൽകിയ സംവിധായകൻ സിദ്ദിഖ് ഇനി ഓർമ. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ മലയാളികളുടെ പ്രിയസംവിധായകന്റെ ഖബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.

ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകൽ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധി പേരാണ് സിദ്ദിഖിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.ഭാര്യ: സാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൺ. മരുമക്കൾ: നബീൽ, ഷെഫ്‌സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്. ബുധനാഴ്ച രാവിലെ ഒൻപതു മണി മുതൽ പന്ത്രണ്ടുവരെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെച്ചിരുന്നു. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കും അവിടെനിന്ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്കും.

34 വർഷം മുൻപ് ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ മലയാളത്തിൽ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് തുടർന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നീ സിനിമകൾക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടർന്നു. ‘ഹിറ്റ്ലർ’, ‘ഫ്രണ്ട്സ്’, ‘ക്രോണിക് ബാച്ചിലർ’, ‘ബോഡിഗാർഡ്’, ‘ലേഡീസ് ആൻഡ് ‍ജന്റിൽമാൻ’, ‘ഭാസ്കർ ദ റാസ്കൽ’, ‘കിങ് ലയർ’, ‘ഫുക്രി’, ‘ബിഗ് ബ്രദർ’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും