കണ്ണൂർ കോർപറേഷൻ സ്കൂളുകളിലും ഓഫീസുകളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് & ഇന്‍സിനേറ്റര്‍ മെഷീൻ വിതരണം ആരംഭിച്ചു.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിലും ഓഫീസുകളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് & ഇന്‍സിനേറ്റര്‍ മെഷീന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
ഇതിൽ തളാപ്പ് മിക്സഡ് യു പി സ്കൂളില്‍ സ്ഥാപിച്ച മെഷീന്റെ സ്വിച് ഓൺ കർമ്മം ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ നിർവഹിച്ചു. കോര്‍പ്പറേഷന്‍ പൊതു മരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ചു. തളാപ്പ് സ്കൂളിന് പുറമേ പയ്യാമ്പലം ഗേള്‍സ് സ്കൂള്‍, കോര്‍പ്പറേഷന്‍റെ മെയിന്‍ ഓഫീസ്, സോണല്‍, ഡിവിഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലായി ആകെ 15 മെഷീനുകളാണ് സ്ഥാപിക്കുന്നത്. സൗജന്യമായാണ് മെഷീനുകൾ വിതരണം ചെയ്യുന്നത്. കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോയിന്‍ നിക്ഷേപിക്കുമ്പോള്‍ പുതിയ സാനിറ്ററി പാഡ് ലഭിക്കുന്ന രീതിയിലാണ് വെന്‍ഡിംഗ് മെഷീനിന്‍റെ പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ഇന്‍സിനേറ്റര്‍ മെഷീനുകളില്‍ നിക്ഷേപിക്കുകയും ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് ഡിസ്പോസ് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇതു വഴി മെച്ചപ്പെട്ട വ്യക്തിശുചിത്വവും മാലിന്യ സംസ്കരണ രീതിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്, കൗണ്‍സിലര്‍മാരായ എന്‍ ഉഷ, ടി രവീന്ദ്രന്‍, പി കൗലത്ത്, കെ സുരേഷ്, എ ഉമൈബ, ബീബി, ക്ലീന്‍ സിറ്റി മാനേജര്‍ ബൈജു പി പി, തളാപ്പ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ടി സി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.