‘സമം’ സ്‌ത്രീ ശാക്തീകരണ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
പാപ്പിനിശേരി: ജില്ലാ പഞ്ചായത്ത് സാംസ്കാരിക വകുപ്പുമായി ചേർന്ന് ഒരുക്കിയ ‘സമം’ സ്‌ത്രീ ശാക്തീകരണ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് ആദരിച്ചത്. പാപ്പിനിശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സമൂഹം കെട്ടിപ്പടുക്കാൻ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അംഗീകരിക്കാനും ആദരിക്കാനും മടികാണിക്കരുതെന്ന് മന്ത്രി പറഞ്ഞു. തുല്യത വാക്കുകളിലോ കടലാസിലോ ഒതുങ്ങാതെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പൊതുപ്രവര്‍ത്തക കെ ലീല, ബോക്‌സിങ് താരം കെ സി ലേഖ, സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. മുബാറക്ക ബീവി, ചെത്തുതൊഴിലാളി ഷീജ ജയകുമാര്‍, ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കെ ജലറാണി, യുട്യൂബ് ട്രാവല്‍ വ്‌ളോഗര്‍ നാജി നൗഷി, നാടക കലാകാരി രജനി മേലൂര്‍, ചിത്രകാരി സുനിത തൃപ്പാണിക്കര, നിര്‍മാണ തൊഴിലാളി കെ സി നാരായണി മേസ്തിരി, തെയ്യം കലാകാരി കെ പി ലക്ഷ്മി, ഗവ. കോണ്‍ട്രാക്ടര്‍ വി കെ ലത, ബസ്സുടമയും ജീവനക്കാരിയുമായ റജിമോള്‍, ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, വനിതാ വ്യവസായി ഷൈന്‍ ബെനവന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി അശ്വനി, നവ സംരംഭക സംഗീത അഭയ്, നൃത്ത കലാകാരി കലാമണ്ഡലം ലീലാമണി, എന്നിവരെയാണ് ആദരിച്ചത്. ആന്തൂർ മുനിസിപ്പാലിറ്റിയിലെ ഹരിത കർമ സേനാംഗങ്ങൾ, പാപ്പിനിശേരി സപ്തവർണ്ണ വനിതാ ശിങ്കാരിമേളം ടീം, ഭദ്ര ട്രാൻസ്ജെൻഡഴ്‌സ് ഡാൻസ് ഗ്രൂപ്പ് അംഗങ്ങളെയും ആദരിച്ചു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ സി ജിഷ, പി പി ഷാജിർ, എ വി സുശീല, പ്രമോദ് പയ്യന്നൂർ, അഡ്വ. ടി സരള, എ വി അജയകുമാർ, എസ് കെ ആബിദ, പി വി അജിത, എ വി അബ്ദുൾ ലത്തീഫ്, പി കെ ശ്വാമള, കെ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.