Home KANNUR അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന.
KANNUR - August 5, 2023

അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന.

കണ്ണൂർ:
അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന. സംസ്ഥാന വ്യാപകമായി വിജിലൻസ്‌ നടത്തിയ ഓപ്പറേഷൻ ഇ സേവയുടെ ഭാഗമായി ചാലാട്‌, കാൽടെക്‌സ്‌, പള്ളിക്കുന്ന്‌, മുഴപ്പിലങ്ങാട്‌, കാടാച്ചിറ, ചൊക്ലി, ഈങ്ങയിൽപീടിക, ചമ്പാട്‌ എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
മിക്കയിടത്തും സേവനങ്ങൾക്ക്‌ നിശ്‌ചയിച്ചതിലും കൂടുതൽ ഫീസ്‌ ഈടാക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അക്ഷയകേന്ദ്രങ്ങളിലെ വിവിധ സേവനങ്ങൾക്ക്‌ സർക്കാർ നിരക്ക്‌ നിശ്‌ചയിച്ചുനൽകിയിട്ടുണ്ട്‌. സർക്കാർ നിശ്‌ചയിച്ച ഫീസേ വാങ്ങാവൂവെന്ന്‌ കലക്ടറും കഴിഞ്ഞദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇത്‌ പാലിക്കുന്നില്ലെന്ന്‌ പരിശോധനയിൽ കണ്ടെത്തി. പലയിടത്തും നാലിരട്ടിയോളമാണ്‌ വാങ്ങുന്നത്‌. അപേക്ഷകരുടെ അജ്ഞത മുതലെടുത്ത്‌ തോന്നിയപോലെയാണ്‌ ഫീസ്‌ വാങ്ങുന്നത്‌. ഫീസ്‌ ഒഴിവാക്കിയ സേവനങ്ങൾക്കും പണം വാങ്ങുന്നു. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക്‌ അനുവദിച്ച ഫീസ്‌ ഇളവും പാലിക്കുന്നില്ല. ചില കേന്ദ്രങ്ങൾ ‘ഇടനില’ക്കാരായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.
ഫീസ്‌ നിരക്ക്‌ അപേക്ഷകർക്ക്‌ കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കണമെന്നാണ്‌ നിയമം. എന്നാൽ ഇതും പാലിക്കുന്നില്ല. പ്രദർശിപ്പിച്ചയിടങ്ങളിൽ ആളുകൾക്ക്‌ കാണാവുന്ന തരത്തിലുമല്ല. പലയിടത്തും വാങ്ങുന്ന ഫീസിന്‌ രശീത്‌ കൊടുക്കുന്നില്ല. ഫീസ്‌ വാങ്ങുന്നതും മറ്റും രജിസ്‌റ്ററിൽ രേഖപ്പെടുത്തുന്നില്ല. പരാതി ബുക്കുകളില്ല. പലയിടത്തും ജീവനക്കാരുടെ മോശം പെരുമാറ്റവും ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. പല അക്ഷയകേന്ദ്രങ്ങൾ കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയ്‌ക്ക്‌ ഇൻസ്‌പെക്ടർമാരായ അജിത്ത്‌കുമാർ, പി ആർ മനോജ്‌, വിനോദ്‌, എസ്‌ഐമാരായ ഗിരീഷ്‌, കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും