അസൗകര്യങ്ങളാൽ വീർപ്പുമുട്ടി പുല്ലൂപ്പി കുടുംബ ക്ഷേമ ഉപകേന്ദ്രം; ഇനിയും എത്ര നാൾ കാക്കണം..!?
കണ്ണാടിപ്പറമ്പ: അസൗകര്യങ്ങൾ കൊണ്ടും സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കൊണ്ടും വീർപ്പുമുട്ടിയിരിക്കുകയാണ് പുല്ലൂപ്പി കുടുംബ ക്ഷേമ ഉപകേന്ദ്രം. നാറാത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പതിമൂന്നാം വാർഡിലെ ഹെൽത്ത് സെന്ററിനാണ് ഈ ദുരവസ്ഥ. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കായുള്ള ക്ലിനിക്ക്, നവജാത ശിശുക്കൾക്കായുള്ള കുത്തിവയ്പ്പ് തുടങ്ങി അനവധി ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭ്യമാണെങ്കിലും വേണ്ടത്ര സൗകര്യങ്ങളുടെ അഭാവം സന്ദർശകരെയും ജീവനക്കാരെയും തെല്ലൊന്നുമല്ല അലട്ടുന്നത്.
ജീർണാവസ്ഥയിലായ കെട്ടിടം അറ്റകുറ്റപ്പണി ചെയ്ത് വർഷങ്ങൾ ഏറെയായി. സന്ദർശകരും ജീവനക്കാരും ഇവിടെ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. രണ്ട് മുറികളോടെയുള്ള പഴയ ഓട് മേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാത്തത് കാരണം ഇപ്പോൾ അപകടാവസ്ഥയിലാണ്. വർഷക്കാലത്ത് ചോർച്ച കാരണം ജീവനക്കാർക്ക് ഫയലുകളും മറ്റും സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്. എലിയുടെയും ഇഴ ജന്തുക്കളുടെയും ശല്യവും കുറവല്ല. സബ് സെന്ററിനോടു ചേർന്ന് കിണറുണ്ടെങ്കിലും പ്ലംബിംങ് ജോലികളും മറ്റും നടത്താത്തതിനാൽ ശുചിമുറികളിൽ പോലും വെള്ളം ലഭ്യമല്ല. ശുചിമുറികളാണെങ്കിൽ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. കേന്ദ്രത്തിന് ചുറ്റുമതിലുകൾ ഇല്ലാത്തതതിനാൽ രാത്രി കാലങ്ങളിൽ ഇത് സാമൂഹ്യവിരുദ്ധരുടെ താവളമാവുകയാണ് പതിവ്. ഇവിടുത്തെ ലൈറ്റുകളും മറ്റും നശിച്ച അവസ്ഥയിലാണ്. കുടുംബ ക്ഷേമ ഉപകേന്ദ്രം പുതുക്കിപ്പണിത് ജനങ്ങൾക്ക് ഉപകാരപ്രദമായ നിലയിലേക്ക് മാറ്റാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, കണ്ണാടിപ്പറമ്പ ദേശസേവാ യു.പി സ്കൂളിൽ വെച്ചു നടന്ന കെ.വി സുമേഷ് എം.എൽ.എയുടെ അദാലത്തിൽ പുല്ലൂപ്പി ഹെൽത്ത് സെന്റർ കൂട്ടായ്മ അദ്ദേഹത്തിന് നിവേദനം നൽകിയിരുന്നു. എന്നാൽ പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഫണ്ട് അനുവദിച്ചുണ്ടെന്നാണ് പറയുന്നത്. ഇതുവരെ അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുമില്ല. വരുംനാളുകളിൽ ശക്തമായ മഴ പെയ്താൽ കെട്ടിടം പൂർണ്ണമായും നിലംപൊത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ.