ഉപതെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള കനത്ത താക്കീത്: കരീം ചേലേരി
കണ്ണൂർ: പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കണ്ണൂർ കോർപ്പറേഷനിലെ വികസന വിരുദ്ധ പ്രചാരണങ്ങൾക്കും എതിരെ കണ്ണൂർ കോർപ്പറേഷനിലെ പ്രബുദ്ധരായ വോട്ടർമാർ നൽകിയ കനത്ത താക്കീതാണ് കണ്ണൂർ പള്ളിപ്രം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫിന്റെ വിജയവുമെന്ന് കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രം ഡിവിഷനിൽ റെക്കോർഡ് ഭൂരിപക്ഷത്തോടു കൂടിയാണ് മുസ്‌ലിം ലീഗിലെ ഉമൈബ വിജയിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. യു.ഡി.എഫിന്റെ ഭൂരിപക്ഷത്തോടൊപ്പം പോലും എത്താൻ സാധിക്കാത്ത എൽ.ഡി.എഫിന് നാണം കെട്ട തോൽവിയാണ് ജനങ്ങൾ നൽകിയത്.
സി.പി.എം ശക്തികേന്ദ്രമായ ചെറുതാഴത്ത് യുഡിഎഫ് സ്ഥാനാർത്ഥി നേടിയ വിജയവും ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. പ്രതിപക്ഷം ഇല്ലാത്ത ഈ പഞ്ചായത്തിൽ യു.ഡി.എഫ് അക്കൗണ്ട് ഓപ്പൺ ചെയ്തിരിക്കുന്നു. സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി യു.ഡി.എഫിനെ വിജയിപ്പിച്ച പ്രബുദ്ധരായ വോട്ടർമാരെ നേതാക്കൾ അഭിനന്ദിച്ചു.


