വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.
വീട്ടുമുറ്റത്ത് നിർത്തിയിട്ട ആഡംബര ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കക്കാട് കുഞ്ഞിപ്പള്ളിയിലെ നിസാമുദ്ദീൻ എന്ന മസിൽ നിയാസിനെ (39) ആണ് പരിയാരം എസ്.ഐ. പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തലശ്ശേരി സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നിയാസിനെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോരൻപീടിക പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ നബീല കോട്ടേജിൽ മുഹമ്മദ് അബ്ദുള്ളയുടെ ബൈക്ക് കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് പുലർച്ചെയായിരുന്നു മോഷണം. ബൈക്ക് ഏപ്രിൽ 28-ന് നീലേശ്വരം പെട്രോൾ പമ്പിൽ നിന്നും യൂത്ത്‌ലീഗ് പ്രവർത്തകരുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇന്ധനം നിറക്കാനെത്തിയപ്പോൾ യൂത്ത് ലീഗ് പ്രവർത്തകർ കാറിൽ പിന്തുടരുന്നത് മനസ്സിലാക്കിയ നിയാസ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് നിയാസിനെ തിരിച്ചറിഞ്ഞത്. പഴയങ്ങാടിയിലും മയ്യിലും നടന്ന വിവിധ കേസുകളിൽ പ്രതിയാണ് നിയാസ്.


