Home KERALA സിദ്ദിഖിന്‍റെ കൊലപാതകം: മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി,കാര്‍ നിര്‍ത്തി വലിച്ചെറിഞ്ഞത് ഫര്‍ഹാന
KERALA - 1 week ago

സിദ്ദിഖിന്‍റെ കൊലപാതകം: മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി,കാര്‍ നിര്‍ത്തി വലിച്ചെറിഞ്ഞത് ഫര്‍ഹാന

മലപ്പുറം: കോഴിക്കോട്ടുവെച്ച് കൊല്ലപ്പെട്ട ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ മൃതദേഹം മുറിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ പോലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണയിലെ ചിരട്ടാമലയില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടര്‍ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഹോട്ടലിലെ തലയണ കവര്‍, ചെരിപ്പ്, വസ്ത്രഭാഗങ്ങള്‍ എന്നിവയും ഇവിടെനിന്ന് കണ്ടെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികള്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെയാണ് പ്രതികള്‍ ചിരട്ടാമലയിലെത്തിയത്. ഇവിടെയുള്ള ഒരു വ്യൂപോയന്റിനടുത്ത് കാര്‍ നിര്‍ത്തിയശേഷം ഫര്‍ഹാനയാണ് വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ഇവ താഴേക്ക് വലിച്ചെറിഞ്ഞത്.

തെളിവുനശിപ്പിക്കാന്‍ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയില്‍ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിര്‍ദേശിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയിരുന്നു. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഷിബിലി ഈ സ്ഥലംതന്നെ തിരഞ്ഞെടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇവ ഉപേക്ഷിച്ചശേഷം ഷിബിലി ഫര്‍ഹാനയെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്നുതന്നെ അന്വേഷണ സംഘം തിരൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് വിവരം. തുടർന്ന് കസ്റ്റഡിയിൽ കിട്ടിയശേഷമായിരിക്കും ഇനി കോഴിക്കോട്ടും അട്ടപ്പാടയിലെ അഗളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു