കാട്ടുപോത്തുകൾ കൂട്ടമായി ജനവാസമേഖലയിൽ
കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക് മുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി കൊമ്മേരി റോഡിലെ വളവിൽവെച്ച് ബൈക്കിൽ കാട്ടുപോത്തിടിച്ച് പരിക്കേറ്റ യാത്രക്കാരനായ വിമുക്തഭടൻ ചികിത്സയിലാണ്. രണ്ടുദിവസം മുൻപ് പെരുവ റോഡിൽ കാട്ടുപോത്തുകളുടെ ഇടയിൽ പെട്ട സ്കൂട്ടർ യാത്രക്കാരൻ അദ്‌ഭുതകരായി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞവർഷം കറ്റ്യാടിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടിരുന്നു.
കണ്ണവം വനമേഖലയുടെ സമീപ പ്രദേശങ്ങളായ കോളയാട്, പെരുവ, കറ്റ്യാട്, കൊമ്മേരി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കൂടുതലായുള്ളത്. വനത്തിൽനിന്ന് 20-30 കാട്ടുപോത്തുകളാണ് കൂട്ടമായി വരുന്നത്. മഴ കാരണം ഇവ അപ്രതീക്ഷിതമായി അക്രമണോത്സുകരാകാറുണ്ട്.
കാട്ടുപോത്തുകൾ രാത്രിയും പകലും കൂട്ടമായി നാട്ടിൽ ഇറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പെരുവ വനപാതയിലൂടെ നാട്ടുകാർ ഇപ്പോൾ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. എങ്ങനെയാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കുകയെന്ന ചിന്തയിലാണ് നാട്ടുകാർ.


