Home KANNUR പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുസ്തഫ നാറാത്ത്
KANNUR - 2 weeks ago

പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുസ്തഫ നാറാത്ത്

പുതിയതെരു: ‘പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം’ എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ വിചാരണ സദസ്സ് സംഘടിപ്പിച്ചു. എസ് ഡിപി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്തഫ നാറാത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം നികുതിഭാരം വര്‍ധിപ്പിച്ചു. തൊട്ടതിനും പിടിച്ചതിനും പൊള്ളുന്ന വിലക്കയറ്റമാണ്. ഇതിനിടയിലും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മുറപോലെ നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് പോലും കാര്യമായ പ്രതിഷേധങ്ങള്‍ നടത്താന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലൂടെ കേരളത്തെ നാണം കെടുത്തിയ പിണറായി സര്‍ക്കാര്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളെ പിഴിയുകയാണ്. കാര്‍ഷിക മേഖലയും കെ.എസ്.ആര്‍.ടി.സിയുമെല്ലാം തകര്‍ന്നു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാത്ത വിധം കെഎസ്ആര്‍ടിസിയെ നശിപ്പിക്കുകയാണ്. റോഡുകളും പാലങ്ങളും ഉദ്ഘാടനത്തിന് മുമ്പേ
തകരുകയാണ്. ഇടത് സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരായി മാറി. സര്‍ക്കാര്‍ ജോലികളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ യുവത്വത്തെ നിരാശരാക്കുകയാണ്. പ്രവാസി പദ്ധതികള്‍ നടപ്പാക്കാതെ പ്രഖ്യാപനങ്ങളില്‍ ഒതുക്കി. സ്ത്രീ സുരക്ഷയെന്നത് പൊള്ളയായ വാഗ്ദാനങ്ങളായി മാറി. ദിനംപ്രതി സ്ത്രീപീഢനങ്ങള്‍ നടക്കുന്ന നാടായി കേരളം മാറി. അന്വേഷണത്തിന്റെ പേരിലുള്ള കേന്ദ്ര ഏജന്‍സികളുടെ വരവിനെ ഭയന്ന് പോലീസിനെയും
വിദ്യാഭ്യാസത്തെയും കാവി വല്‍ക്കരിക്കാന്‍ മൗന സമ്മതം നല്‍കുകയാണ് പിണറായി സര്‍ക്കാരെന്നും മുസ്തഫ നാറാത്ത് കുറ്റപ്പെടുത്തി. എസ് ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം സി ഷാഫി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി