മഴക്കാല മുന്നൊരുക്കം
ഡ്രെയിനേജ് ക്ലീനാക്കണം, റോഡിലെ കുഴികളടക്കണം
അഴീക്കോട്:
അഴീക്കോട് മണ്ഡലത്തിലെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പിഡബ്യൂഡി, ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പ്രധാന പ്രവൃത്തികളെക്കുറിച്ചും മഴയ്ക്ക് മുൻപായി പൂർത്തീകരിക്കേണ്ടുന്ന അറ്റകുറ്റ പ്രവൃത്തികളെക്കുറിച്ചും ചർച്ച നടത്തി.
പ്രധാന പാതകളിലെ ഡ്രെയിനേജുകളും മറ്റും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ മുൻകരുതലുകളെടുക്കാൻ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന വളപട്ടണം മന്ന ജങ്‌ഷനിൽ ശാശ്വത പരിഹാരമായി 20 ലക്ഷം രൂപയുടെ ഡ്രെയിനേജ് നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും. പുതിയതെരു ദേശീയപാതയിൽ രൂപപ്പെടുന്ന കുഴികൾ മഴയ്ക്ക് മുമ്പ് ടാറിങ് നടത്താൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടും. വളപട്ടണം പുഴയിൽനിന്ന് ഉപ്പ് വെള്ളം കയറുന്ന കടവത്ത് വയലിൽ എസ്ഡബ്ല്യുഇസിബിയുടെ നിർമ്മാണം വേഗതയിൽ നടത്താനും യോഗത്തിൽ തീരുമാനമായി.
ചിറക്കൽ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രുതി, കെ അജീഷ്, പി പി ഷമീമ, കെ രമേശൻ, എ വി സുശീല, പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ ജഗദീഷ്, എഇഇ രാം കിഷോർ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഗോപകുമാർ, ഇറിഗേഷൻ എഇഇ ഖലിസ, പിഡബ്ല്യുഡി ബിൽഡിങ്സ് എഇഇ ബിന്ധ്യ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


