ഓൺലൈൻ വഴി വിൽപനക്കെത്തിച്ച മൂന്ന് ലക്ഷത്തിൻ്റെ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്.ഓൺലൈ ൻ വഴി നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും തപാലിൽ എത്തിച്ച മൂന്ന് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി വിൽപനക്കാരനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി.കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീശൈലത്തിൽ കെ പി .ശ്രീരാഗിനെ (26)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. എസ്. ജനീഷും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തപാൽ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആമസോൺ വഴി ഓൺലൈനിൽ എത്തിച്ച മയക്കുമരുന്നുമായി വിലാസക്കാരനായ പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
മാരക ലഹരി മരുന്നായ എഴുപത് എൽഎസ്.ഡി. സ്റ്റാമ്പുകളുമായാണ് പ്രതി പിടിയിലായത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ സംശയാസ്പദമായി എത്തിയ തപാൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് മേൽ വിലാസക്കാരനായ പ്രതിയെ മഫ്തിയിൽ പ്രത്യേക സംഘം വീടിന് സമീപം വെച്ച് പിടികൂടിയത്.ഇക്കഴിഞ്ഞ മെയ് ഒന്നി ന് ഡാർക്ക് വെബ് വഴിയാണ് ലഹരിമരുന്ന് പ്രതി ഓർഡർ ചെയ്തതെന്നും ആ ലഹരിമരുന്നാണ് പോസ്റ്റ് ഓഫീസിൽ എത്തിയതെന്നും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.നെമിസിസ് മാർക്കറ്റ് എന്ന ഡാർക് വെബ്ബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് ലഹരിമരുന്ന് നാട്ടിലെത്തിച്ചത്. യുവാവ് ലഹരിമരുന്ന് ഇടപാടിനായി ഉപയോഗിച്ച മൊബെൽ ഫോൺ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെതിരെ മുമ്പും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. റെയ്ഡിൽ
പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ശജേഷ്.സി.കെ, വിഷ്ണു .എൻ.സി, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.


