Home NARTH LOCAL-NEWS KOLACHERI ഭരണസമിതിയുടെ കെടുകാര്യസ്ഥത; കൊളച്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി
KOLACHERI - 2 weeks ago

ഭരണസമിതിയുടെ കെടുകാര്യസ്ഥത; കൊളച്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

കൊളച്ചേരി: ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുനെതിരേ എസ്ഡിപിഐ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥ കാരണം വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയെന്നും പൊട്ടിപ്പൊളിയാത്ത ഒരു റോഡും പഞ്ചായത്ത് പരിധിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷത്തിന് മുമ്പേ റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി കാട്ടിയ അനാസ്ഥ കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണ്. കാലവര്‍ഷം വരുന്നതോടെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് ചെളിയാവുകയും യാത്ര കൂടുതല്‍ ദുരിതമാവുകയും ചെയ്യും. കുടിവെള്ളത്തിന് ജനങ്ങള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ അതിനൊരു പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. മഴക്കാല ശുചീകരണ പ്രവര്‍ത്തനം പോലും പഞ്ചായത്തില്‍ തുടങ്ങിയിട്ടില്ല. പന്നി ശല്യം കാരണം കൃഷിക്കാര്‍ കൃഷി നിര്‍ത്തിവച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ മുക്ക് മൂലകള്‍ തെരുവുനായ്ക്കള്‍ കൈയ്യടക്കിയത് കാരണം ജനങ്ങള്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം കോടികളുടെ വികസന ഫണ്ട് ലാപ്‌സായത്. കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്റെയും നമ്പര്‍വണ്‍ ആയി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി മാറി. പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആക്ഷേപം ഭരണപക്ഷത്തിന് തന്നെയുണ്ട്. ജനങ്ങളുടെ അവകാശം നിഷേധിച്ച് നികുതിപ്പണത്തില്‍ നിന്ന് അലവന്‍സും വാങ്ങി വെറുതെ സമയം കളയാന്‍ ഒരു വാര്‍ഡ് മെമ്പറെയും അനുവദിക്കില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനവിരുദ്ധ നിലപാടുമായി മുന്നോട്ടു പോവുകയാണെങ്കില്‍ മുഴുവന്‍ പഞ്ചായത്ത് നിവാസികളെയും അണിനിരത്തി അതിശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. എസ്ഡിപിഐ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം ഷൗക്കത്തലി, ഇസ്മായില്‍, ബദറുദ്ദീന്‍, സി ഹംസ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ