വിനോദസഞ്ചാരികളെ വരവേൽക്കാൻ പുല്ലൂപ്പിക്കടവ് അണിഞ്ഞൊരുങ്ങുന്നു
|||||||||| പുഴയോര ടൂറിസം പദ്ധതിയുടെ നിർമ്മാണപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് ||||||||||
കണ്ണൂർ : കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി പുല്ലൂപ്പി പുഴയോര ടൂറിസം പദ്ധതി. 4.15 കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നിർമ്മാണപ്രവർത്തനം അന്തിമഘട്ടത്തിലാണ് ഇപ്പോൾ. ഈ മാസം അവസാനത്തോടെ സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അടുത്തഘട്ടത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറായിവരികയാണെന്നും കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു.
‘പുല്ലൂപ്പിക്കടവ് പ്രാെമനേഡ് റിവർ ഫ്രണ്ട് ആൻഡ് ഓഫ് ഷോർ ഡെവലപ്‌മെന്റ് അറ്റ് പുല്ലൂപ്പിക്കടവ്’ എന്ന പേരിലാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി. വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി വഴി പുല്ലൂപ്പിയിലൂടെ കടന്നുപോകുന്ന പുഴയുടെയും പുഴയോരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനുള്ള അടിസ്ഥാനസൗകര്യം ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. നാറാത്ത് പഞ്ചായത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാണ് പ്രസ്തുത പദ്ധതി. പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ നടപ്പാതയും ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്.
കണ്ണാടിപ്പറമ്പിനെ കക്കാട് – കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിലും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാതസവാരിക്കും കാഴ്ചകൾ കാണാനും നിരവധിപേരാണ് ദൈനംദിനം എത്തുന്നത്. പാലത്തിനും പുഴയോരങ്ങളിലും ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോടുകൂടിയ വിളക്കുകാലുകൾ, ജലകായികവിനോദം, പാർക്ക്, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, സൈക്ലിങ് പാത, കഫ്‌റ്റീരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട് .


