ഒരാളെ കൊലപ്പെടുത്തി, മറ്റൊരാളെ കൊല്ലാൻ ശ്രമിച്ചു പ്രതിക്ക് ഇരട്ട ജീവപര്യന്തം
തലശ്ശേരി : മുൻ വൈരാഗ്യത്തെത്തുടർന്ന് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. കേളകം അടക്കാത്തോട് ശാന്തിഗിരിയിൽ തച്ചനാനിൽ ടി.എം.ഷൈജു(46)വിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് ശിക്ഷിച്ചത്.
പിഴയടച്ചാൽ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട സത്യന്റെ അനന്തരാവകാശികൾക്കും ഒരുലക്ഷം രൂപ പരിക്കേറ്റ എൽദോയ്ക്കും നൽകണം. 2010 ഡിസംബർ 24-ന് ഉച്ചയ്ക്ക് 1.35-ന് കേളകം ബിവറേജ് മദ്യശാലയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലാണ് സംഭവം. തർക്കത്തിനിടയിൽ കണിച്ചാർ ചേങ്ങോം സ്വദേശി വരമ്പനാനിക്കൽ സത്യനെ (44) കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
തടയാൻ ശ്രമിച്ച സുഹൃത്ത് കേളകത്തെ പടിക്കക്കുടി എൽദോയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. അഡീഷണൽ ജില്ലാ കോടതി (രണ്ട്) യിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചാണ് വിചാരണ അഡീഷണൽ ജില്ലാ കോടതി (മൂന്ന്)യിലേക്ക് മാറ്റിയത്. കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ സി.ഐ.മാരായ പ്രകാശൻ പടന്നയിൽ, സി.ചന്ദ്രൻ, ജോഷി ജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ്, കെ.പി.ബിനിഷ, വി.ജെ.മാത്യു എന്നിവർ ഹാജരായി.


