മലബാറിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യസൂത്രധാരൻ പിടിയിൽ
കണ്ണൂർ: മലബാറിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യസൂത്രധാരനെ ചെന്നൈയിൽനിന്ന് പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇബ്രാഹിം എന്ന മുസമ്പി ഇബ്രാഹി(48)നെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘം പിടികൂടിയത്. ഇയാൾക്ക് ആന്ധ്രയിൽ ഏക്കർ കണക്കിന് കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസ് പറഞ്ഞു. അവിടെനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ രഹസ്യഅറകളുള്ള വാഹനവും ഉണ്ട്. ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. ഇയാൾ മുഖേനയാണ് കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നത്. 2022 സെപ്റ്റംബറിൽ എടക്കാടുള്ള ഒരു വീട്ടിൽനിന്നും അറുപതു കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂത്രധാരനായ ഇബ്രാഹിം പിടിയിലായത്. ഇയാൾ ആന്ധ്രയിൽ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ആന്ധ്രയിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ, പോലീസെത്തുന്ന വിവരം ലഭിച്ച പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു.
ആന്ധ്രയിലെത്തി അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ ഏക്കർകണക്കിന് കഞ്ചാവ് കൃഷിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ ചെന്നൈയിലേക്ക് കടന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചെന്നൈയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ഉടൻ കണ്ണൂരിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എടക്കാടുള്ള ഒരു വീട്ടിൽ വില്പനക്കെത്തിച്ച അറുപതു കിലോ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കുന്നതിനിടെയാണ് ഉളിക്കൽ സ്വദേശി ഇ. റോയിയെ പോലീസ് പിടികൂടിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖിൽ ഓടി രക്ഷപെട്ടിരുന്നു. പിന്നീട് ഇയാളെയും പോലീസ് പിടികൂടിയിരുന്നു. ഷാഖിലിന്‍റെ വീട്ടിൽ വില്പനക്കായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് അറുപതു കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ വാഹനങ്ങൾ കണ്ടെത്തുന്നതിനായി എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്.


