പറശ്ശിനി പാലത്തിൽ ടാറിങ് ഉടൻ നടത്തണം
മയ്യിൽ : വർഷങ്ങളായി ടാറിങ് നടത്താത്തതിനാൽ തകർന്ന പറശ്ശിനിക്കടവ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇറിഗേഷൻ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കങ്ങളാണ് പാലംപണി നീളാൻ കാരണമെന്നാണ് പറയുന്നത്.
ഇരുവകുപ്പുകളും പ്രശ്നത്തിൽനിന്ന് തലയൂരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിൽ തെരുവുവിളക്കില്ലാത്തത് കാരണം രാത്രിയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങളും പാലത്തിലെ കുഴിയിൽ വീഴുന്നതും നിയന്ത്രണം വിടുന്നതും പതിവാണ്.
ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ അപകടങ്ങൾ സംഭവിക്കാത്തത്. ദുരന്തം സംഭവിച്ചശേഷം മാത്രമുണരുന്ന കേരളത്തിലെ പതിവുരീതി വിട്ട് എത്രയുംവേഗം പാലം ടാറിങ് നടത്തണമെന്ന് നണിയൂർ നമ്പ്രം കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


