കീരിയാട് ഫർണിച്ചർ ഷോപ്പിൽ തീപ്പിടിത്തം
പുതിയതെരു: കീരിയാട് വയലിലെ ഫർണിച്ചർ കടയ്ക്ക് തീപ്പിടിച്ചു. കീരിയാട് സ്വദേശി കെ.എം. മുഹമ്മദ് നദീലിന്റെ ഉടമസ്ഥതയിലുള്ള കെ.സി.എം. ഫർണിച്ചർ കടയ്ക്കാണ് തീപ്പിടിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കടയുടെ പിറകുവശത്തത്ത് ഷീറ്റ് മേഞ്ഞ ഫർണിച്ചർ നിർമാണശാലയിലാണ് ആദ്യം തീ പടർന്നത്. തുടർന്ന് തീ ആളിപ്പടർന്ന് ഫർണിച്ചർ നിർമാണ യൂണിറ്റിനോട് ചേർന്നുള്ള ഓടുമേഞ്ഞ കടയ്ക്ക് തീപിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും ഉടമയും ചേർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കണ്ണൂരിൽനിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന അരമണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്. ഫർണിച്ചറും മരത്തടികളും കത്തിനശിച്ചു.
കണ്ണൂർ അഗ്നിരക്ഷാ യൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ, എ. കുഞ്ഞിക്കണ്ണൻ, എം. വേണു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. വളപട്ടണം പോലീസും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


