കൂത്തുപറമ്പ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 8 പേർക്ക് പരിക്ക്
കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി അരവിന്ദാക്ഷന്‍, ചെറുമകന്‍ ഷാരോൺ (എട്ട്) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരികെ വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. അമിത വേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടനെ നാട്ടുകാര്‍ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


