ജലജീവൻ മിഷൻ അഴീക്കോട് മണ്ഡലം അവലോകന യോഗം ചേർന്നു.
അഴീക്കോട് മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതി അവസാന ഘട്ടത്തിൽ
അഴീക്കോട് മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ അവലോകന യോഗം കെ.വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലതല പദ്ധതി അവലോകന യോഗത്തിൽ വിശദമായ പരിശോധന നടത്തി. ചിറക്കൽ, അഴീക്കോട്, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നവർക്ക് കണക്ഷൻ ഉറപ്പു വരുത്തും. നേരത്തെ പദ്ധതിയിൽ ഉൾപ്പെടാത്ത കണക്ഷൻ ലഭിക്കാത്തവർക്ക് പഞ്ചായത്ത് മുഖേന അപേക്ഷിച്ചാൽ ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. ആവശ്യമുള്ള എല്ലാവരിലേക്കും കണക്ഷൻ വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പ്രവൃത്തി നടക്കുമ്പോൾ തന്നെ പ്രധാന പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്താനും പദ്ധതി അവലോകന യോഗത്തിൽ തീരുമാനമാനിച്ചു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.അജീഷ്, പി.ശ്രുതി, പി.പി.ഷമീമ, എ.വി സുശീല, കെ.രമേശൻ, ജലജീവൻ മിഷൻ പ്രൊജക്ട് ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി തളിപ്പറമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബ, പ്രൊജക്റ്റ് കണ്ണൂർ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ. കെ, മട്ടന്നൂർ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഫൽ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


