താനൂര്‍ ദുരന്തം; ബോട്ടുകളില്‍ യാത്രക്കാര്‍ കാണുന്ന വിധത്തില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം- അബ്ദുള്ള നാറാത്ത്
അഴീക്കോട്: താനൂരില്‍ 22 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളപട്ടണം മേഖലയിലെ ജലയാത്രക്കാരുടെ ആശങ്കയകറ്റണമെന്ന് എസ് ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു. വളപട്ടണം പുഴയിലൂടെ മാട്ടൂല്‍-പറശ്ശിനിക്കടവ് ബോട്ട്, മാട്ടൂല്‍-അഴീക്കല്‍ യാത്രാ ബോട്ട് എന്നിവയ്ക്കു പുറമെ സ്വകാര്യ ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയിലെ തന്നെ ജലയാത്രകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാവുന്നത് പറശ്ശിനിക്കടവ്-മാട്ടൂല്‍ സര്‍വീസിലാണ്. ആഡംബര ബോട്ടുകളിലും പുതുതായി ആരംഭിച്ച വിനോദയാത്രാ ബോട്ടുകളിലുമെല്ലാം ദിനംപ്രതി നൂറ്കണക്കിന് യാത്രക്കാരാണെത്തുന്നത്. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിനോദസഞ്ചാര സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും അടിയന്തരമായി പരിശോധനകള്‍ നടത്തണം. ലൈസന്‍സ്, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങി ബോട്ടുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനുപുറമെ ഓരോ ബോട്ടിലും യാത്രക്കാര്‍ക്ക് വ്യക്തമായി കാണുന്ന വിധത്തിൽ ആവിശ്യമായ സുരക്ഷാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം, എത്രപേര്‍ക്ക് യാത്ര ചെയ്യാം, ലൈഫ് ജാക്കറ്റുകളുടെ എണ്ണം, സര്‍വീസ് സമയം, ബോട്ടിന്റെ കാലപ്പഴക്കം, ജീവനക്കാരുടെ എണ്ണം തുടങ്ങി ആവിശ്യഘട്ടത്തില്‍ വിളിക്കാനും പരാതിപ്പെടാനുമുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ബോട്ടില്‍ പ്രദര്‍ശിപ്പിക്കണം. ബോട്ടിലെ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. സമയബന്ധിതമായി പരിശോധന നടത്തുകയും, പരിശോധന നടത്തിയ തിയ്യതിയും അടുത്ത പരിശോധനയുടെ തിയ്യതിയും യാത്രക്കാര്‍ക്ക് കാണുന്ന വിധത്തില്‍ രേഖപ്പെടുത്തുകയും ചെയ്യണം. ഇത്തരത്തില്‍ ജലയാത്ര സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാരുടെ ആശങ്ക അകറ്റാനും അധികൃതര്‍ തയ്യാറാവണമെന്നും അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു.


