വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപിച്ചു
അമ്മയെ കാണണമെന്ന ചിന്തയിൽ വീടുവിട്ടിറങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ ഓഫിസറുടെ സന്ദർഭോചിതമായ ഇടപെടലിൽ മാതാപിതാക്കൾക്ക് തിരിച്ചുകിട്ടി.
കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ടെ വീട്ടിൽ നിന്നും വണ്ടിയിൽ തലശ്ശേരി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന ചൈൽഡ് വെൽഫെയർ ഇൻസ്പക്ടർ ഒ.കെ. മുഹമ്മദ് അഷ്റഫിന്റെ ശ്രദ്ധയിൽ കുട്ടികൾ പെട്ടതാണ് പുന:സമാഗമത്തിന് വഴിയൊരുങ്ങിയത്. കുട്ടികളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ മുഹമ്മദ് അഷ്റഫ് എവിടേക്കാണ് പോവുന്നതെന്ന് തിരക്കി.അമ്മയെ കാണാനെന്നായിരുന്നു മറുപടി. പരിഭ്രാന്തരായി കാണപ്പെട്ട കുട്ടികൾ കൂടുതൽ ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഇതിനകം വണ്ടി തലശ്ശേരിയിൽ എത്തിയിരുന്നു. ആർ.പി.എഫ് സഹായത്തോടെ ഇരുവരെയും തലശ്ശേരിയിൽ ഇറക്കി. ഇവിടെ നിന്നും സുരക്ഷിതമായി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിലും എത്തിച്ചു. ഇതിൽ പിന്നീട് മിസ്സിങ് പേഴ്സൻ കേരള എന്ന ഗ്രൂപ്പിൽ കുട്ടികളൂടെ വിവരങ്ങളും ഫോട്ടോയും പങ്കിട്ടതോടെ മാതാപിതാക്കളെ കണ്ടെത്താനായി. കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത ശാന്തിനഗർ കോളനിയിലെ മാതാപിതാക്കൾക്ക് വിവരം നൽകി. അച്ഛനും അമ്മയും ഉടൻ തലശ്ശേരിയിലെത്തി വെൽഫെയർ ഇൻസ്പക്ടരുടെ സാന്നിധ്യത്തിൽ കുട്ടികളെ ഏറ്റുവാങ്ങി.


