ബോട്ടപകടം; 22 മരണം സ്ഥിരീകരിച്ചു, ദുരന്തത്തിനിരയായത് 15 ലേറെ കുട്ടികള്‍, ചികിത്സയിലുള്ളത് 10 പേര്‍
മലപ്പുറം: മലപ്പുറം താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. പത്ത് പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ ആറിന് തന്നെ തുടങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലുമായാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്. എട്ടുമണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ബോട്ട് സർവീസ് നടത്തിയവർ പറഞ്ഞെങ്കിലും 22 പേർ മരിക്കുകയും ഒമ്പതുപേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും നാലുപേർ നീന്തി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 35 പേരുടെ കണക്കുകളാണ് ഇതുവരെ ലഭിച്ചത്. ഇനിയും ആളുകളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ടെന്നും ആരെയും കാണാനില്ലെന്നുള്ള പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. എന്നാലും തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും


