മാസ്റ്റര്‍ പ്ലാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍റേത് സുതാര്യമായ നടപടി: മേയര്‍
കണ്ണുര്‍ കോര്‍പ്പറേഷന് വേണ്ടി ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനിന്‍റെ നടപടി ക്രമത്തില്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ചത് തീര്‍ത്തും സുതാര്യമായ നടപടിയാണെന്ന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് തളാപ്പ് മിക്സഡ് യു പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിന്‍റെ 20 വര്‍ഷക്കാലത്തേക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഓഫീസ് നോട്ടീസ് ബോര്‍ഡിലും, വെബ്സൈറ്റിലും, പത്രമാധ്യമങ്ങളിലും എല്ലാം ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ആക്ഷേപം നല്‍കാന്‍ മെയ് 28 വരെ സമയവും അനുവദിച്ചിട്ടുണ്ട്.
കൂടാതെ കോര്‍പ്പറേഷന്‍ ഭരണ സമിതി മുൻകൈ എടുത്ത് ഓരോ സോണലുകളിലും ഇത്തരത്തില്‍ പൊതുജനങ്ങളുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും തേടുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും പരിഗണിച്ചതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂ.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവര്‍ത്തനവും പ്രചരണവുമാണ് ചില കേന്ദ്രങ്ങള്‍ മനപൂര്‍വ്വം നടത്തുന്നത്. അതിന്‍റെ ഭാഗമാണ് ഇന്ന് ചില പത്രങ്ങളില്‍ കോര്‍പ്പറേഷന്‍ സര്‍വ്വേ തുടങ്ങി എന്ന രീതിയില്‍ വാര്‍ത്ത വന്നത്. എന്നാല്‍ കോര്‍പ്പറേഷന്‍ അത്തരത്തില്‍ സര്‍വ്വേ നടത്തുകയോ നടത്തുന്നതിന് ആളുകളെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. ഇതോടൊപ്പം കുറുവ, കടലായി ഭാഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന തീരദേശ ഹൈവേയുടെ കല്ലിടലുമായി ഇതിനെ ബന്ധിപ്പിക്കുവാനുള്ള ശ്രമം മനപൂര്‍വ്വം നടത്തുകയാണ്. കെ-റെയിലിനു വേണ്ടി ഒരു സുപ്രഭാതത്തിൽ ഒരു അനുവാദവും ഇല്ലാതെ അടുക്കളയില്‍പ്പോലും മഞ്ഞക്കുറ്റി നാട്ടിയതുപോലെയോ ഇപ്പോള്‍ തീരദേശ ഹൈവേ എന്ന് പറഞ്ഞ് പിങ്ക് കുറ്റി നാട്ടുന്നതു പോലെയുള്ള ജനവിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ കോര്‍പ്പറേഷന്‍ ഒരിക്കലും നടത്തുകയില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അധികാര സ്ഥാപനം എന്ന നിലയില്‍ ജനാഭിലാഷം മനസ്സിലാക്കി മാത്രമേ മുന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയും എന്ന് മാത്രമേ പറയാനുള്ളൂ. നിലവില്‍ പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനില്‍ ടെമ്പിള്‍, തളാപ്പ് ഡിവിഷനുകളില്‍ ചില അപാകതകള്‍ പ്രസ്തുത ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരും ചില സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രസ്തുത അപാകതകള്‍ പരിഹരിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ എന്നും മേയര്‍ യോഗത്തിൽ പ്രഖ്യാപിച്ചു.
യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.
നഗരാസൂത്രണ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ ബീവി, ഡെപ്യൂട്ടി ടൗൺ പ്ലാനർമാരായ സൂരജ് ടി സി, എസ് നിതിൻ കുമാർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ പി എം രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.


