Home KANNUR ധർമശാലയിലെ 135 കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ
KANNUR - 4 weeks ago

ധർമശാലയിലെ 135 കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ

വർഷങ്ങളുടെ കാത്തിരിപ്പിന്‌ അറുതിയായി. ധർമശാലയിലെ 135 കുടുംബങ്ങൾക്ക് സ്ഥിരംപട്ടയം ലഭിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ഏക്കർകണക്കിന്‌ ഭൂമി സ്വന്തമാക്കിയവർ എത്ര ഉന്നതനായാലും മുഖം നോക്കാതെ ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതന്‌ വിതരണം ചെയ്യാൻ സർക്കാരിന്‌ മടിയില്ലെന്ന്‌ റവന്യു മന്ത്രി പറഞ്ഞു. മോറാഴ വില്ലേജിൽ മാങ്ങാട്ടുപറമ്പിലും പരിസരങ്ങളിലുമുള്ള 28 ഏക്കർ ഭൂമിയിലെ 135 കുടുംബങ്ങൾക്കാണ്‌ ദീർഘകാലത്തെ കാത്തിരിപ്പിന്‌ ശേഷം സ്ഥിരംപട്ടയം ലഭിച്ചത്‌. 1958ൽ താൽകാലിക പട്ടയം അനുവദിച്ച ഭൂമിക്ക്‌ നിലവിലെ കൈവശക്കാരുടെ പേരിൽ പട്ടയം അനുവദിക്കണമെന്ന ആവശ്യമാണ്‌ അവസാനമായത്‌. രണ്ടാം എൽഡിഎഫ്‌ സർക്കാറിന്റെ കാലത്താണ്‌ നടപ്പിലായത്‌.
1995 ലെ മുനിസിപ്പൽ- കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് 135 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ധർമശാല ആന്തൂർ നഗരസഭ ടൗൺസ്‌ക്വയറിൽ മന്ത്രി കെ രാജൻ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകി. ആദ്യപട്ടയം പറയന്തലവീട്ടിൽ നാരായണൻ ഏറ്റുവാങ്ങി. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, വൈസ്‌ ചെയർമാൻ വി സതീദേവി, സി ബാലകൃഷ്‌ണൻ, ടി കെ വി നാരായണൻ, പ്രകാശൻ കൊയിലേരിയൻ, കെ സന്തോഷ്‌, പി കെ മുജീബ്‌ റഹ്‌മാൻ, വത്സൻ കടമ്പേരി, സമദ്‌ കടമ്പേരി, കെ രവീന്ദ്രൻ, പി ഷാജു എന്നിവർ സംസാരിച്ചു. എഡിഎം കെ കെ ദിവാകരൻ സ്വാഗതവും ആർഡിഒ ഇ പി മേഴ്‌സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു