കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി
കണ്ണൂർ: കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി എന്നീ സബ് ഡിവിഷനുകളുടെ പരിധിയിലുള്ള കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. ഈ മേഖലകളിലെ വിവിധ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ 7820 പേർ 1000 രൂപയിലധികം കുടിശ്ശിക വരുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരും കുടിശ്ശിക വരുത്തിയവരും അടിയന്തരമായി തുക അടക്കണം. ബില്ലിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മുന്നറിയിപ്പില്ലാതെ നടപടിയുണ്ടാകും. ജല അതോറിറ്റി ഓഫീസിൽ നേരിട്ടും ഓൺലൈനായും തുക അടക്കാം. കണക്ഷൻ വിച്ഛേദിച്ചിട്ടും പണം അടക്കാത്തവർക്കെതിരെ ജപ്തി നടപടിയുണ്ടാകും. കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെ കണക്ഷനുകളും വിച്ഛേദിക്കും. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. കണ്ണൂർ-3038, തലശ്ശേരി-1012, കൂത്തുപറമ്പ-614, പെരളശ്ശേരി-1244, പെരളശ്ശേരി 2-889, മട്ടന്നൂർ-558, ചാവശ്ശേരി പറമ്പ-268, കൊളച്ചേരി – 197 എന്നിങ്ങനെയാണ് 1000 രൂപക്കു മുകളിൽ വിവിധ സെക്ഷനുകളിൽ കുടിശ്ശിക വരുത്തിയവരുടെ എണ്ണം


