Home KANNUR ജനങ്ങളുടെ കീശയിൽ കയ്യിട്ടു വാരുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ല – മന്ത്രി കെ രാധാകൃഷ്ണൻ
KANNUR - 4 weeks ago

ജനങ്ങളുടെ കീശയിൽ കയ്യിട്ടു വാരുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ല – മന്ത്രി കെ രാധാകൃഷ്ണൻ

 പാവപ്പെട്ട ജനങ്ങളുടെ കീശയിൽ കൈയ്യിട്ട് വരുന്ന ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ടാവില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ‘കരുതലും കൈത്താങ്ങും’ കണ്ണൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത്  കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനം ചെയ്യുക എന്നതാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. അതിനാണ് ശമ്പളം ലഭിക്കുന്നത്. നീണ്ട കാലം പരാതികൾ പരിഹരിക്കാതെ കിടക്കുക എന്നത് ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിനൊപ്പം അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് പരാതി പരിഹാര അദാലത്തിനുള്ളത്. പരാതികൾ  എത്രയും പെട്ടന്ന് പരിഹരിക്കാനായി സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ്. ഇക്കാര്യത്തിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരമാണ്. പരാതി പരിഹാര രംഗത്ത് ജില്ലാ ഭരണകൂടത്തിന് ഈ അദാലത്ത് വഴികാട്ടിയാവും-മന്ത്രി പറഞ്ഞു. ഇവിടെ പരിഹരിക്കാൻ പറ്റാത്ത ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇവ പ്രത്യേകമായി പരിശോധിച്ച് പിന്നീട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പരാതി പരിഹാര രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ പര്യാപ്തമാണ് കരുതലും കൈത്താങ്ങുമെന്ന് വിശിഷ്ടാതിഥിയായി സംസാരിച്ച,  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ ടി ഒ മോഹനൻ, എം എൽ എ മാരായ കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ സംബന്ധിച്ചു.

ഓൺലൈൻ ആയി 831 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്.  431 പരാതികൾ അനുകൂലമായി തീർപ്പാക്കി. 400 പരാതികൾ അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങൾ ആയതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണയ്ക്ക് വിട്ടു. 130 പരാതികൾ അദാലത്തിൽ നേരിട്ട് സ്വീകരിച്ചു. ഇവ രണ്ടാഴ്ചയ്ക്കകം തീർപ്പ് കൽപ്പിച്ച് മറുപടി അറിയിക്കും. തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, ജലസേചനം, റവന്യൂ, സർവ്വേ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. മുൻഗണനാ റേഷൻ കാർഡിനായി അദാലത്തിൽ പരാതി നൽകിയ 17 പേർക്കും മുൻഗണനാ കാർഡുകൾ അനുവദിച്ചു. അദാലത്തിലെത്തിയ 10 പേർക്ക്  മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ