Home KANNUR കണ്ണൂരിനെ തൂവെള്ളയാക്കി റാലി
KANNUR - April 30, 2023

കണ്ണൂരിനെ തൂവെള്ളയാക്കി റാലി

കണ്ണൂർ: എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തെ തൂവെള്ളയാക്കി ഉജ്ജ്വല പ്രകടനം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങൾ അണിചേർന്ന റാലി അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കുന്ന സുന്നി വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നതായി.

റാലിയുടെ കണ്ണികളാകാൻ വെള്ളിയാഴ്ച ഉച്ചമുതൽ പ്രതിനിധികൾ നഗരത്തിൽ എത്തിച്ചേർന്നു. വൈകിട്ട് നാലിന് വിളക്കുംതറ മെെതാനത്തുനിന്ന് നാലുവരിയായിയാണ് പ്രകടനം തുടങ്ങിയത്‌. അഞ്ചുമണിയോടെ നഗരം തൂവെള്ളയായി. നഗരം തിരക്കിൽ വീർപ്പുമുട്ടി. റാലിയിൽ സംസ്ഥാനനേതാക്കൾ പച്ചയും വെള്ളയും നീലയും കലർന്ന എസ്.എസ്.എഫ്. പതാകയേന്തി. സാംസ്കാരിക അധിനിവേശങ്ങൾക്കെതിരെയും വിദ്യാഭ്യാസമേഖലയിലെ തെറ്റായ നിലപാടുകൾക്കെതിരെയും റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യം വിളിച്ചു.

കഴിഞ്ഞ 23 ന് ധർമപതാക വാനിലുയർത്തിയതോടെ തുടക്കം കുറിച്ച ഗോൾഡൻ ഫിഫ്റ്റി സമ്മേളനം വൈവിധ്യങ്ങളായ സമ്മേളനങ്ങൾക്ക് ശേഷമാണ് ഇന്നലെ വൈകീട്ട് തിങ്ങിനിറഞ്ഞ ഐതിഹാസിക സമ്മേളനത്തോടെ സമാപിച്ചത്. കണ്ണൂരിലെ അഞ്ച് വേദികളിലായി അമ്പതോളം സെഷനുകളാണ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളനത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. രാജ്യത്തിന്റെ വർത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂടം, മാധ്യമങ്ങൾ, ജനാധിപത്യം, അംബേദ്കറിന്റെ രാഷ്ട്ര സങ്കൽപ്പങ്ങൾ, മതേതര കേരളം: ആകുലതകൾ, ആശ്വാസങ്ങൾ, ചരിത്രത്തിന്റെ നിറംമാറ്റങ്ങൾ; വ്യാജ നിർമിതികളുടെ ബദലുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യുന്ന അമ്പത് സെഷനുകളാണ് കഴിഞ്ഞ നാല് ദിനങ്ങളിലായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്

ദിനേശ് ഓഡിറ്റോറിയം, കാൾടെക്‌സ്, കലക്്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, നെഹ്‌റു കോർണർ, സ്റ്റേഡിയം കോർണർ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളിൽ നടന്ന വിവിധ പരിപാടികൾ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പോലീസ് മൈതാനിയിൽ നടന്ന പുസ്തകലോകം സന്ദർശിക്കാൻ എത്തിയവരുടെ എണ്ണം ഇതിനകം അമ്പതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തൽ. നാല് ദിനങ്ങൾ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മഹാസമ്മേളനം സമാപിച്ചത്.

എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സുറൈജ് സഖാഫി, ജനറൽ സെക്രട്ടറി കെ.ആർ.കെ.മുഹമ്മദ്, ഖജാൻജി സയ്യിദ് മുനീർ അഹ്ദൽ, അനസ് അമാനി, ശുഹൈബ് വായാട്, ടി.പി.സൈഫുദ്ദീൻ, മുനവിർ അമാനി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍