യുവാവിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച കേസിൽ വിചാരണ തുടങ്ങി
ചക്കരക്കല്ല് പാനേരിച്ചാലിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ ഉപേക്ഷിച്ച കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാകോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് മുൻപാകെ വിചാരണ തുടങ്ങി. കേസിലെ ഏഴ് സാക്ഷികളെ വിസ്തരിച്ചു. സാക്ഷി വിസ്താരം വെള്ളിയാഴ്ച തുടരും. ഇരിവേരി മിടാവിലോട് ഇ.പ്രജീഷിനെ(35)യാണ് കൊലപ്പെടുത്തിയത്. ഇരിവേരി മിടാവിലോട് കൊല്ലറത്ത് ഹൗസിൽ കെ.അബ്ദുൾഷുക്കൂർ (44), മുഴപ്പാലയിലെ സി.ടി.പ്രശാന്തൻ (46) എന്നിവരാണ് പ്രതികൾ. 2021 ഓഗസ്റ്റ് 19-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അബ്ദുൾ ഷുക്കൂർ ഉൾപ്പെട്ട മരംമോഷണക്കേസിൽ ഷുക്കൂറിനെതിരെ സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി. കേസിലെ ഒന്നാംപ്രതി അബ്ദുൾ ഷുക്കൂറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ജാമ്യം നൽകാതെ കേസിന്റെ വിചാരണ ജൂൺ 31-നകം പൂർത്തിയാക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്നാണ് വിചാരണ വേഗത്തിലായത്.


