കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ചാമ്പ്യന്മാർ
തലശേരി: കണ്ണൂർ സിറ്റി പൊലീസ് അത്‌ലറ്റിക് മീറ്റിൽ 138 പോയിന്റുമായി കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ചാമ്പ്യന്മാരായി. 82 പോയിന്റുമായി കണ്ണൂർ സബ് ഡിവിഷൻ രണ്ടും 80 പോയിന്റുമായി കൂത്തുപറമ്പ് സബ് ഡിവിഷൻ മൂന്നാംസ്ഥാനവും നേടി. 15 പോയിന്റ് നേടി കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെ മരിയ ജോസ് പുരുഷ വിഭാഗം ചാമ്പ്യനായി. വനിതാ വിഭാഗം ചാമ്പ്യൻപട്ടം 15 വീതം പോയിന്റ് നേടിയ ഡിസ്‌ട്രിക് ഹെഡ്‌ക്വാർട്ടേഴ്‌സിലെ അനുശ്രീ, കണ്ണൂർ സബ് ഡിവിഷനിലെ
ഷീജ കാപ്പാട് എന്നിവർ പങ്കിട്ടു.
ക്രോസ് കൺട്രി, 10,000 മീറ്റർ, 10 കിലോമീറ്റർ നടത്തം ഇനങ്ങളിലാണ് മരിയ ജോസ് സ്വർണമണിഞ്ഞത്.
അനുശ്രീ 1500, 400, 800 മീറ്റർ ഓട്ടത്തിലും ഷീജ ഹാമർത്രോ, ഡിസ്‌കസ്‌ത്രോ, ഷോട്ട് പുട്ട് ഇനങ്ങളിലുമാണ് സ്വർണം നേടിയത്.
വിജയികൾക്ക് ദക്ഷിണ മേഖലാ ഡിഐജി പുട്ട വിമലാദിത്യ സമ്മാനം നൽകി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ അധ്യക്ഷനായി.


