മാങ്ങ പറിക്കാൻ ഡി.ഐ.ജി. ഓഫീസ് മതിലിന്റെ ഷീറ്റ് പൊളിച്ച യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ ഡി.ഐ.ജി. ക്യാമ്പ് ഓഫീസ് കോമ്പൗണ്ടിൽ മാങ്ങ പറിക്കാൻ കയറിയ ബംഗാളി യുവാവ് പോലീസിന്റെ പിടിയിലായി. കണ്ണൂർ കോർപ്പറേഷൻ ഓഫീസിന്റെ നിർമാണപ്രവർത്തനം നടത്തുന്ന സംഘത്തിലെ തരുൺ മണ്ഡൽ (23) ആണ് പിടിയിലായത്.
മണ്ഡൽ ഉൾപ്പെടെ നാലംഗസംഘം റോഡിലൂടെ പോകുമ്പോഴാണ് റോഡരികിലെ വളപ്പിലുള്ള മാവിൽ നിറയെ മാമ്പഴം കണ്ടത്. നാലുപേരും മാവിൽക്കയറി പറിച്ചെടുക്കാനുള്ള വഴികൾ ആലോചിച്ചു.
അടുത്തദിവസം രാവിലെ ജോലിക്ക് പോകുമ്പോൾ പറിക്കാനും പദ്ധതിയിട്ടു. തിങ്കളാഴ്ച രാവിലെ തൊഴിലാളിസംഘം സ്ഥലത്തെത്തി കൂറ്റൻ മതിൽ ചാടിക്കടക്കാൻ തീരുമാനിച്ചു. ഒരാൾമാത്രം മാവിൽ കയറിയാൽ മതിയെന്നും തീരുമാനമായി.
തരുൺ മണ്ഡൽ മതിൽ ചാടി മാവിൽക്കയറാമെന്നേറ്റു. മതിൽ ചാടുന്നതിനിടെ അബദ്ധത്തിൽ ക്യാമ്പ് ഓഫീസിന് സമീപത്തെ ഷെഡിന്റെ ഷീറ്റിലേക്ക് കനത്ത ശബ്ദത്തോടെ വീണു. ശബ്ദം കേട്ട് ഓടിയെത്തിയ ഡി.ഐ.ജി. ഓഫീസിലെ സുരക്ഷാജീവനക്കാർ ഇയാളെ കൈയോടെപൊക്കി. ഉടൻ ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2000 രൂപയുടെ നഷ്ടമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തു. യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് ഓഫീസറുടെ ക്യാമ്പ് ഓഫീസാണെന്ന് അറിയാതെയാണ് മാങ്ങ പറിക്കാൻ കയറിയതെന്ന് തരുൺ പറഞ്ഞു.


