വന്ദേഭാരതിനെ വരവേറ്റ് കണ്ണൂർ
കണ്ണൂർ: ഇന്നലെ രാത്രി 8 മണി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പതിവില്ലാത്ത ജനക്കൂട്ടം. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച വന്ദേഭാരത് ട്രെയിൻ കാണാനെത്തിയവരായിരുന്നു കൂടുതലും. 8.04ന് കുതിച്ചെത്തിയ ട്രെയിൻ കിതച്ച് കിതച്ച് നിന്നതോടെ ക്ഷണിക്കപ്പെട്ടവരെല്ലാം പാഞ്ഞടുത്തു. ഇവരുമായി വൈകാതെ ട്രെയിൻ കാസർകോട് ഭാഗത്തേക്കു കുതിച്ചു.
ട്രെയിനിന് വരവേൽപ്പ് നല്കാൻ നിരവധി പേർ സ്റ്റേഷനിലെത്തിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ ലോക്കോ പൈലറ്റിനെ ഷാൾ അണിയിച്ചു. എം.എൽ.എമാരായ കെ.വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുമുണ്ടായിരുന്നു.ബി.ജെ.പി നേതാക്കളായ കെ. രഞ്ജിത്ത്, എൻ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിനെ വരവേറ്റു. ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ എൻ.എം.ആർ.പി.സി. ചെയർമാനും ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗവുമായ അഡ്വ. റഷീദ് കവ്വായിക്കും യാത്രക്കാർക്കും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി.മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാണ് വന്ദേഭാരത് ട്രെയിൻ. വേഗത, സുരക്ഷ, മികച്ച സേവനം, ആഢംബര യാത്ര… ഒറ്റനോട്ടത്തിൽ ഇതെല്ലാമാണ് വന്ദേഭാരത് ട്രെയിൻ.കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതിൽ. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. എല്ലാ കോച്ചുകളിലും മൂന്ന് എമർജൻസി വാതിലുകളും ഉണ്ട്. ആകെ 16 കോച്ചുകളാണ് വന്ദേഭാരതിലുള്ളത്. ഉദ്ഘാടന ദിവസമായ ഇന്നലെ പയ്യന്നൂരിലും തലശ്ശേരിയിലും വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. 8.24 മണിയോടെ ട്രെയിൻ പയ്യന്നൂരിലെത്തി.
സീറ്റ് ഏതു ദിശയിലേക്കും തിരിക്കാം
ഇതിൽ 14 എണ്ണവും ഇക്കോണമി കോച്ചുകളാണ്. ഇക്കോമണിയിൽ ആകെ 914 സീറ്റുകളാണ് ഉള്ളത്. രണ്ട് കോച്ചുകൾ കൂടിയ നിരക്കിലുള്ള എക്‌സിക്യൂട്ടീവ് ചെയർകാറുകളായിരിക്കും. ആകെ 86 എക്‌സിക്യൂട്ടീവ് ചെയർകാറുകൾ. വന്ദേ ഭാരത് ട്രെയിനിൽ എല്ലാം കുഷ്യൻ സീറ്റുകളാണ്. എക്‌സിക്യൂട്ടീവ് സീറ്റിലെ ലിവർ ഉയർത്തിയാൽ സീറ്റ് ഏത് ദിശയിലേക്കും തിരിക്കാൻ കഴിയും. ട്രെയിനിനകത്ത് ഇരുന്ന് വിശാലമായി പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമുള്ള വലിയ ഗ്ലാസ് വിൻഡോയുണ്ട്. ഡിസംബറോടെ സ്ലീപ്പർ കോച്ചുകളും എത്തും.വലിയ സ്ക്രീൻ അറിയിപ്പും വരുംപൂർണമായും ശീതീകരിച്ച ട്രെയിനാണ് വന്ദേഭാരത്. ഓരോ സ്റ്റേഷൻ എത്തുമ്പോഴും വലിയ സ്‌ക്രീനിലൂടെ അറിയിപ്പ് ലഭിക്കും. ഒപ്പം അനൗൺസ്‌മെന്റും ഉണ്ടാകും. ട്രെയിനിനകത്ത് വൈ-ഫൈ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാണ്. ജി.പി.എസ് സംവിധാനവുമുണ്ട്. എല്ലാ സീറ്റുകൾക്കും താഴെ മൊബൈൽ ചാർജിംഗ് പോയിന്റുണ്ട്. എസിയുടെ തണുപ്പ് സ്വയം ക്രമീകരിക്കാനുള്ള സംവിധാനവും ലഭ്യമാണ്. വെള്ളം കുറച്ച് ഉപയോഗിക്കുന്ന ബയോ വാക്വം ശുചിമുറികളാണ് ട്രെയിനിലേത്.


