Home KANNUR എഐ ക്യാമറ: കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികൾ, വൻ അഴിമതിയെന്ന്
വി.ഡി. സതീശന്‍
KANNUR - April 24, 2023

എഐ ക്യാമറ: കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികൾ, വൻ അഴിമതിയെന്ന്
വി.ഡി. സതീശന്‍

സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരാറിന് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികളാണെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്കും കരാറില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കരാര്‍ നേടിയ കമ്പനികള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

എഐ ക്യാമറ പദ്ധതിക്ക് ടെന്‍ഡര്‍ ചെയ്തിരിക്കുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതുപോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കേണ്ടേ? അത് ഉള്ള കമ്പനികള്‍ക്കല്ലേ കൊടുക്കാന്‍ പാടുള്ളൂ? എന്തായിരുന്നു ആ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍? എസ്.ഐ.ആര്‍.ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്, സതീശന്‍ ആരാഞ്ഞു.

കരാര്‍ കിട്ടിയ ഉടന്‍ തന്നെ എസ്.ഐ.ആര്‍.ടി. കമ്പനി ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുകയായിരുന്നു ചെയ്തത്. അതിന്റെ അര്‍ഥം, ഈ കമ്പനിക്ക് ഈ രംഗത്ത് യാതൊരുവിധ പരിചയവും ഇല്ലെന്നാണ്. കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം രൂപവത്കരിക്കുകയും പിന്നീട് ഉപകരാര്‍ കൊടുക്കുകയും ചെയ്തു. ഇത് തന്നെയാണ് കെ ഫോണിലും ഇവര്‍ ചെയ്തത്. കെ ഫോണിന്റെ പിന്നിലും എ.ഐ. ക്യാമറയുടെ പിന്നിലും ഇവരാണുള്ളത്. ഇവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായും ബന്ധമുണ്ട്. ഇവരും ഉരാളുങ്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നേരത്തെ ഒരു കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന കറക്കുകമ്പനികള്‍- പവര്‍ ബ്രോക്കേഴ്‌സാണെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളുടെ സുതാര്യത തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ ആയെന്നാണ് കെല്‍ട്രോണും ഉപകരാറുകാരും പറയുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സംവിധാനമുള്ള ക്യാമറകള്‍ക്ക് അവര്‍ പറയുന്ന വിലയുടെ പത്തിലൊന്നു പോലുമില്ലെന്നും സതീശന്‍ പറഞ്ഞു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ക്യാമറ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കിട്ടുമ്പോള്‍ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ കമ്പോണന്റുകള്‍ വാങ്ങി അസംബിള്‍ ചെയ്യുന്നത്? എന്തിനായിരുന്നു ഈ നാടകം?

232 കോടിയുടെ പ്രോജക്ടില്‍ 70 കോടിരൂപ മാത്രമാണ് ക്യാമറയ്ക്ക് വേണ്ടിവരുന്നത്. പിന്നീടാണ് കണ്‍ട്രോള്‍ റൂം, മെയിന്റനന്‍സ് എന്നെല്ലാം പറഞ്ഞ് പണം വാങ്ങുന്നത്. സാധാരണ ബ്രാന്‍ഡഡ് ക്യാമറകള്‍ വാങ്ങിയാല്‍ അഞ്ചുകൊല്ലത്തേക്ക് വാറന്റിയും ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടുമുണ്ടാകും. എന്നാല്‍ ഇവിടെ നികുതി അടക്കം 66 കോടി രൂപ മെയിന്റനന്‍സിന് എന്ന് എഴുതിവെച്ചിരിക്കുകയാണ്. 9.5 ലക്ഷത്തിന് ക്യാമറ മേടിച്ചുവെന്ന് മാത്രമല്ല, ഈ ക്യാമറകളുടെ മെയിന്റനന്‍സിനു വേണ്ടി വീണ്ടും പണം മാറ്റിവെച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.