Home NARTH LOCAL-NEWS KOLACHERI OBIT സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു
OBIT - April 24, 2023

സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

കണ്ണൂർ: സർക്കസ് കുലപതി ജെമിനി ശങ്കരൻ എന്ന എം.വി.ശങ്കരൻ (99) അന്തരിച്ചു. ഇന്നലെ രാത്രി 11.45ഓടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.

ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്ന് വർഷം സർക്കസ് പഠിച്ചു. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി എം.കെ.രാമന്റെ കീഴിൽ തുടർപരിശീലനം നേടി.

രണ്ടുവർഷത്തിനു ശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. നാഷണൽ സർക്കസിൽ ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിംഗ് ട്രപ്പീസ് ഇനങ്ങളിൽ വിദഗ്ദ്ധനായി. റെയ്മൻ സർക്കസിലും ഏറെ നാൾ ജോലിചെയ്തു.
1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു.

1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിനു നൽകിയ സമഗ്രസംഭാവനകൾക്ക് കേന്ദ്രസർക്കാരിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിംഗ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്. സംസ്കാരം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.