രാജ്യം ആഗ്രഹിച്ച ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചുകൊണ്ടിരിക്കും ;എ.എ. റഹിം
കണ്ണൂർ: രാജ്യം ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് ഡി.വൈ.എഫ്.ഐ. പ്രധാനമന്ത്രിയോട് ചോദിക്കുന്നതെന്നും രാജ്യം ഭരിക്കുന്നവരുടെ കാപട്യങ്ങൾക്കു മുൻപിൽ കണ്ണടച്ചിരിക്കാൻ ആകില്ലെന്നും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി. പറഞ്ഞു. കളക്ടറേറ്റ് മൈതാനത്ത് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ‘യങ് ഇന്ത്യ ആസ്ക് പി.എം.’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന മാത്രമല്ല നീതിന്യായവ്യവസ്ഥ പോലും മോദി ഭരണത്തിനു കീഴിൽ വെല്ലുവിളി നേരിടുകയാണ്. ഇതെല്ലാം കണ്ട് പ്രത്യാശ നഷ്ടപ്പെട്ടവരായി ജീവിക്കാൻ കേരളത്തിലെ യുവജന സമൂഹത്തിനാകില്ല. – റഹിം പറഞ്ഞു.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശരി, ആർ. രാഹുൽ, എം.വി. ഷിമ, കെ.ജി. ദിലീപ്, പി.എം. അഖിൽ, മുഹമ്മദ് സിറാജ്, പി.പി. അനീഷ എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി അണിഞ്ഞെത്തിയ വ്യക്തിയോട് സദസ്സ് പ്രതീകാത്മകമായി ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു പരിപാടി. 25-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് ഡി.വൈ.എഫ്.ഐ. ചോദ്യങ്ങൾ ഉന്നയിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.


