വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍
ത്യാഗത്തിന്‍റെ 30 രാപ്പകലുകൾക്കുശേഷം രാജ്യത്താകെ ആഹ്ലാദത്തിന്‍റെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച. വ്യാഴാഴ്ച എവിടെയും മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി അഞ്ചാമത്തെ വെള്ളിയാഴ്ചയും നോമ്പനുഷ്ഠിച്ചതിന്റെ ആത്മനിർവൃതിയിലാണ് പെരുന്നാൾ ആഘോഷം.രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുകൂടിയും സൗഹൃദ കൂട്ടായ്മകൾ ഒരുക്കിയും വിശ്വാസികൾ പെരുന്നാൾ സന്തോഷം പങ്കുവെക്കുകയാണ്. ഒമാനിലും ശനിയാഴ്ചയാണ് പെരുന്നാൾ. മറ്റു ഗൾഫ് രാജ്യങ്ങൾ വെള്ളിയാഴ്ച ആഘോഷിച്ചു.ഐക്യദാർഢ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാൾ പങ്കുവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ഈ അവസരത്തിൽ സമൂഹത്തിൽ സാഹോദര്യവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.മതത്തിന്റെയും വിവിധ സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ കടന്ന് ചെറിയപെരുന്നാൾ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചു. എല്ലാവർക്കും നന്ദിയും ഐക്യവും നിറഞ്ഞ മനോഹരമായ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


