കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും മിന്നൽപരിശോധന
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ കണ്ണൂർ റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധന. എലത്തൂരിൽ നടന്ന ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ ഭീതിയകറ്റുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കേരള റെയിൽവേ പോലീസ് സൂപ്രണ്ട് കെ.എസ്.ഗോപകുമാറിന്റെ നിർദേശപ്രകാരമാണ് പരിശോധന.
ട്രെയിനുകൾക്കകത്തും പ്ലാറ്റ്ഫോമുകളിലും പരിശോധന നടന്നു. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമിലും പകലും രാത്രിയും കേരള റെയിൽവേ പോലീസിനെ കൂടാതെ ആർ.പി.എഫും മഫ്ടിയിലുൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.
സ്റ്റേഷനിലും പ്ലാറ്റ് ഫോമിലും സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. പ്ലാറ്റ്ഫോമിൽ ടിക്കറ്റില്ലാതെ അനാവശ്യമായി വന്ന് പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
രാത്രികാലങ്ങളിൽ ട്രെയിനിൽ ശൗചാലയ പരിസരത്തും വാതിൽപ്പടിയിലും ഇരുന്നും നിന്നും യാത്രചെയ്യുന്നവരെയും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെയും പിടികൂടാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവർക്കും രേഖകളില്ലാതെ ട്രെയിനിൽ സാധനങ്ങൾ വിൽക്കുന്നവർക്കുമെതിരെ കർശനനടപടിയുണ്ടാകും.
പരിശോധനയ്ക്ക് റെയിൽവെ പോലീസ് എസ്.എച്ച്.ഒ. കെ.വി.ഉമേശൻ, എസ്.െഎ.മാരായ അക്ബർ, പ്രദീപൻ, സിവിൽ പോലീസ് ഓഫീസർമാരായ സംഗീത്, ലാഗേഷ്, ബൈജു എന്നിവർ നേതൃത്വം നൽകി.


