കൊളച്ചേരി പഞ്ചായത്ത് ഭരണസമിതിയിൽ അതൃപ്തി: പ്രസിഡന്റിനോട് രാജിയാവശ്യപ്പെട്ട് ലീഗ് നേതൃത്വം
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളിലെ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി നേതൃത്വം അച്ചടക്കനടപടിയിലേക്ക്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെയും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും ഒരു മെമ്പറെയും പാർട്ടി യോഗത്തിലേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം രാജിക്കത്ത് ആവശ്യപ്പെടുകയും ചെയ്തു.
കാലാകാലങ്ങളായി യു.ഡി.എഫ്. ഭരണം നിലനിൽക്കുന്ന പഞ്ചായത്താണ് കൊളച്ചേരി. ഇവിടെയുള്ള 17 അംഗങ്ങളിൽ 11 പേർ യു.ഡി.എഫിൽനിന്നും അഞ്ചുപേർ എൽ.ഡി.എഫിൽനിന്നും ഒരംഗം ബി.ജെ.പി.യിൽ നിന്നുമാണ്.
ഭരണ സമിതിയംഗങ്ങൾ തമ്മിലുള്ള വിയോജിപ്പുകൾ പാർട്ടിയിൽ ശിഥിലതയുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടിയെന്നാണ് ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടിയുടെ ചട്ടക്കൂടിനുള്ളിലുള്ള അച്ചടക്കനടപടികൾ മാത്രമാണിതെന്നും അറിയിച്ചു.


