Home KANNUR കടലിലിറങ്ങുമ്പോൾ വേണം ജാഗ്രത
KANNUR - April 20, 2023

കടലിലിറങ്ങുമ്പോൾ വേണം ജാഗ്രത

കണ്ണൂർ:
കടലിന്റെ സൗന്ദര്യം കാണാനെത്തുന്നവരുടെ സന്തോഷം ദുഃഖത്തിലേക്ക് വഴിമാറുകയാണ് പയ്യാമ്പലം തീരത്ത്. സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് തീരത്ത് തുടർക്കഥയാവുകയാണ്.
ബുധനാഴ്ച കുളിക്കുന്നതിനിടെ അതിഥി തൊഴിലാളികളായ ത്രിപുര സ്വദേശി ധർമേന്ദ്ര, റസ്റ്റോ ജോയ് റെൻക് എന്നിവർ ഒഴുക്കിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ലൈഫ് ഗാർഡുമാരുടെ അവസരോചിതമായ ഇടപെടലാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകെണ്ടുവന്നത്. ഞായർ പകൽ 2.30ന് മടിക്കേരിയിൽനിന്നും വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ചുകാരൻ സുജൻ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൂടെ കുളിക്കുകയായിരുന്ന അമ്മാവൻ ഉൾപ്പെടെ മൂന്നുപേരെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. ഒരാഴ്ച മുമ്പ്‌ പുതുതായി നിർമിക്കുന്ന പുലിമുട്ടിന് സമീപം കടലിലിറങ്ങിയ അതിഥി തൊഴിലാളി തിരയിൽപ്പെട്ടപ്പോഴും രക്ഷകരായത് ലൈഫ് ഗാർഡുമാരാണ്. കടൽ കാണുമ്പോഴുണ്ടാകുന്ന അമിതാവേശവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് ലൈഫ് ഗാർഡ് ചാൾസൺ ഏഴിമല പറഞ്ഞു. ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ വെള്ളത്തിലിറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് തീരത്തെത്തുന്നവർക്ക് ലൈഫ് ഗാർഡുമാർ കർശന നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചും നിരവധിപേർ കടലിലിറങ്ങി. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ മുഴുവൻ സമയവും ലൈഫ് ഗാർഡുമാർ തീരത്തുണ്ട്. പയ്യാമ്പലം മുതൽ പള്ളിയാംമൂലവരെയുള്ള ഭാഗങ്ങളിൽ സഞ്ചാരികൾ എത്തുന്നതിനാൽ തിരക്കേറുന്ന സമയങ്ങളിൽ എല്ലാഭാഗത്തും ഇവർക്കെത്താനാകുന്നില്ല.
നിർമാണം നടക്കുന്ന പുലിമുട്ടിന്റെ ഭാഗത്ത് ചുഴികൾ രൂപപ്പെട്ടതിനാൽ അപകടമേറുകയാണ്‌. സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ ലൈഫ് ഗാർഡുമാരെ തീരത്ത് നിയോഗിക്കാൻ ഡിടിപിസി തീരുമാനിച്ചിട്ടുണ്ട്.

പയ്യാമ്പലത്ത് തിരയിലകപ്പെട്ട അതിഥിത്തൊഴിലാളികളെ രക്ഷിച്ചു

പയ്യാമ്പലത്ത് കുളിക്കാനിറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ട് മുങ്ങി. സമയോചിതമായ ഇടപെടലിലൂടെ ലൈഫ്ഗാർഡുകൾ ഇവരെ രക്ഷിച്ചു. ത്രിപുര സ്വദേശികളായ രാസ്തോ ജോയി റിയാങ് (22), ടി.ധർമേന്ദ്ര (20) എന്നിവരാണ് മുങ്ങിപ്പോയത്. സ്കൈപാലസ് ഹോട്ടൽ ജീവനക്കാരാണിവർ.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് ഇവർ കടലിൽ കുളിക്കാനെത്തിയത്. രണ്ടരയോടെയാണ് ഇവർ തിരയിൽപ്പെട്ട് അകന്നുപോകുന്നതായി കണ്ടത്. ലൈഫ് ഗാർഡുകളായ ടി.സനൂജ്, ഡേവിഡ് ജോൺസൻ, തീരദേശ പോലീസിലെ മുഹമ്മദ് ഫമീസ് എന്നിവർ രക്ഷാ ഉപകരണങ്ങളുമായി കുതിച്ചെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ